Friday, January 15, 2010

ഹെയ്തി അഥവാ സ്വാതന്ത്ര്യത്തിന്റെ വില


2010 ലെ പതിനഞ്ചാം ദിവസം:

പ്രകൃതിദുരന്തത്തിൽ തകർന്നടിഞ്ഞ ഹെയ്തിയാണു് ഇന്നു വാർത്തകളിൽ. ദശാബ്ദങ്ങളായി പലതരത്തിലുള്ള തിരിച്ചടികളും പ്രതിസന്ധികളും നേരിടേണ്ടി വന്ന ഒരു രാജ്യം. ഐക്യരാഷ്ട്രസഭയുടെ ഇടപെടലോടെ പതുക്കെപ്പതുക്കെ സമാധാനജീവിതത്തിലേക്കു തിരിച്ചു വരികയായിരുന്ന ഹെയ്തിയൻ ജനതതിക്കു് ഇതൊരു അസാധാരണമായ വെല്ലുവിളിയാണു്. ‘കഴിഞ്ഞ രണ്ടു ശതാബ്ദങ്ങളായുള്ള കെട്ടുപാടുകളിൽ നിന്നു രക്ഷപെടാനുള്ള ഒരു അവസരമാണു് ഹെയ്തിയൻ ജനതയ്ക്കു് ഈ ദുരന്തത്തിനു മുമ്പു വരെയുണ്ടായിരുന്നതു്; പക്ഷെ എല്ലാം നഷ്ടമായി എന്നു കരുതണ്ട, തിരിച്ചു വരാൻ ഇനിയും കഴിയും’ എന്ന ബിൽ ക്ലിന്റന്റെ വാക്കുകൾ നോക്കുക.

സ്വന്തം സ്വാതന്ത്ര്യത്തിനു് 21 ശതകോടി ഡോളർ വില കൊടുക്കേണ്ടി വന്ന ഒരു രാഷ്ട്രമാണു ഹെയ്തി എന്നറിയുക. രണ്ടിലെറെ നൂറ്റാണ്ടുകളായുള്ള വിദേശാധിപത്യം, മുഖ്യമായും ഫ്രഞ്ച് അടിമത്തം, അവസാനിക്കുന്നതു് 1804 ലാണു് - അതും 12 വർഷം നീണ്ട പോരിനു ശേഷം. പക്ഷെ 1825 വരെ ഫ്രാൻസ് ഹെയ്തിയുടെ സ്വാതന്ത്ര്യം അംഗീകരിച്ചില്ല - കീഴടക്കും എന്ന ഭീഷണിയുമായി ഫ്രഞ്ച് യുദ്ധക്കപ്പലുകൾ ഹെയ്തിക്കു ചുറ്റും കറങ്ങി നടന്നു, 21 വർഷത്തോളം. “നഷ്ടപ്പെട്ട” സ്വത്തിനും സ്വതന്ത്രരാക്കപ്പെട്ട അടിമകൾക്കും നഷ്ടപരിഹാരമായി ഏകദേശം 150 ദശലക്ഷം ഫ്രാങ്ക് (ഇന്നു് ഏകദേശം 21 ശതകോടി ഡോളറിന്റെ തുല്യം) നൽകിയാ‍ൽ മാത്രമേ ഹെയ്തിയുടെ സ്വാതന്ത്ര്യം അംഗീകരിക്കൂ എന്നു് ഫ്രാൻസ് നിലപാടെടുത്തു. 21 വർഷത്തെ ചെറുത്തു നിൽ‌പ്പിനു ശേഷം, ഫ്രാൻസിന്റെ സാമ്പത്തികമുഷ്ക്കിനു മുമ്പിൽ അവസാനം അവർക്കു കീഴടങ്ങേണ്ടി വന്നു.

1825 ലെ ഹെയ്തിയുടെ വാർഷിക വരുമാനത്തിന്റെ പത്തു മടങ്ങോളം വരുമായിരുന്നു ആ തുക. 1947 ലാണു് ആ കടം പൂർണ്ണമായി വീട്ടാൻ ഹെയ്തിക്കു കഴിഞ്ഞതു്. 150 വർഷത്തോളം വികസന പ്രവർത്തനങ്ങൾ ഒന്നും നടത്താനാവാതെ - വിദ്യാഭ്യാസത്തിനോ പൊതുജനാരോഗ്യത്തിനോ അടിസ്ഥാനസൌകര്യങ്ങൾ നിർമ്മിക്കാനോ ഒന്നുമാവാ‍തെ, അവർ കടം വീട്ടിക്കൊണ്ടിരുന്നു. അടിമത്തം ഒരു അന്തർദ്ദേശീയ കുറ്റകൃത്യമാക്കി പ്രഖ്യാപിച്ചു ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും മുൻ തലമുറകളെ അടിമത്തച്ചങ്ങലകളിൽ നിന്നു മോചിപ്പിച്ചതിന്റെ നഷ്ടപരിഹാരമായി ഹെയ്തിയൻ സമൂഹം ഋണബദ്ധരായി ഈ ലോകരാശിക്കു മുമ്പിൽ വെറുങ്ങലിച്ചു നിന്നു...

2004ൽ, അവരുടെ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറാം വാർഷികത്തിൽ, ഹെയ്തി ഈ തുക മടക്കി ആവശ്യപ്പെട്ടു. വിവരങ്ങൾ ഇവിടെ.

Aided by U.S. and French lawyers, the Haitian government is preparing a legal brief demanding nearly $22 billion in "restitution" for what it regards as an act of gunboat diplomacy. Banners calling for "Reparations and Restitution" fly over Port-au-Prince's crammed and filthy streets. "France, pay me my money, $21,685,135,571.48," is the refrain heard incessantly to carnival music in government ads on Haitian radio and television.
പക്ഷെ സോഷ്യലിസ്റ്റ് എന്നവകാശപ്പെടുന്ന ഫ്രാൻസ് വഴങ്ങിയില്ല. “1885 ൽ അടഞ്ഞ അധ്യായം” എന്നായിരുന്നു അവരുടെ പ്രതികരണം - 3,000 ശതകോടി ഡോളർ വാർഷികവരുമാനമുള്ള ഫ്രാൻസിനു് ഈ തുക ഒരു ചെറിയ ‘കൈമടക്കു’ പോലെ മാത്രമെങ്കിലും.


ഇപ്പോൾ, ഈ പരിതാപകരമായ അവസ്ഥയിൽ, ഫ്രാൻസ് ഈ തുക മടക്കിയാൽ ഹെയ്തിയ്ക്കു് സാധാരണ നിലയിലേക്കു തിരിച്ചു വരാൻ വളരെ എളുപ്പമാ‍കും. അതവരുടെ പണമാണു് - ഒരു നൂറ്റാണ്ടിലേറെയുള്ള ഹെയ്തിയൻ വിയർപ്പിന്റെ വില. ദാരിദ്ര്യം സഹിച്ചുകൊണ്ടുള്ള അവരുടെ അദ്ധ്വാനത്തിന്റെ വില. അതു തിരിച്ചു നൽകേണ്ടതു ഫ്രാൻസിന്റെ ധാർമ്മിക ഉത്തരവാദിത്വമാണു്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ മരവിച്ച മനസ്സുമായി ഇരിക്കുന്ന ഈ ഹെയ്തിയൻ മുത്തശ്ശിയുടെ മുഖം നോക്കിയെങ്കിലും ഫ്രഞ്ച് ദുരഭിമാനം ആ പണം തിരികെ നൽകണം..

******************

പ്രശസ്ത എഴുത്തുകാരനും ഗവേഷകനും ആയ തുങ്കു വരദരാജന്റെ പോസ്റ്റാണീ കുറിപ്പിനു ആധാരമായതു്- നന്ദി. കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും ഇവിടെ നിന്നും

Tuesday, January 12, 2010

പയ്യന്നൂരിനെന്താ ഇത്ര പ്രത്യേകത..?

2010 ലെ പതിനൊന്നാം ദിവസം:

രാഷ്ട്രീയസംബന്ധിയായ പരാമർശങ്ങൾ ഒഴിവാക്കുക എന്നാണു് പലപ്പോഴും ശ്രമം - എങ്കിലും ചെയ്തു പോവുന്നു..

സഖാവു പിണറായി വിജയന്റെ പ്രസംഗത്തിലെ ഒരു ഭാഗം - ഇന്നു വൈകുന്നേരം ടെലിവിഷനിൽ നിന്നു കേട്ടതു്..

“ വേദിയറിഞ്ഞു വേണം പ്രസംഗകർ പ്രസംഗിക്കാൻ..അതും പ്രത്യേകിച്ചു് പയ്യന്നൂർ പോലുള്ള ഒരു സ്ഥലത്തു്..”

ബാക്കി ഒക്കെ പോട്ടെ - അതെന്താ പയ്യന്നൂരിനു് ഒരു പ്രത്യേകത? അവിടെ ഉള്ള ജനസാമാന്യത്തിനു് എങ്ങനെയും ഏതു രീതിയിലും പ്രതികരിക്കാൻ അവകാശമുണ്ടെന്നാണോ സഖാവിന്റെ ഭാഷ്യം?

ക്ഷമിക്കുക - മനസ്സിലാകായ്ക കൊണ്ടു ചോദിച്ചു പോയതാണു്.

******************

പണ്ടു നടന്ന ഒരു സാദാ കോളേജ് തെരഞ്ഞെടുപ്പു് ഓർമ്മ വരുന്നു. വർഷം 1978. സ്ഥലം മദ്ധ്യകേരളത്തിലെ ഒരു പ്രമുഖ കോളേജ്. ജയിക്കാൻ സാധ്യത ഉണ്ടു് എന്നു കരുതപ്പെടുന്ന ഒരു സ്ഥാനാർത്ഥി പത്രിക നൽകി ഇറങ്ങുന്നു - പടിയിറങ്ങി താഴെ വന്നതും ഒരു അഞ്ചെട്ടു പേർ ചുറ്റും കൂടുന്നു. “നീ എലക്‌ഷനൊക്കെ നിന്നോ - പക്ഷെ ഞങ്ങടെ ......നേക്കാൾ(70കളുടെ മദ്ധ്യത്തിൽ വിദ്യാർത്ഥിരാഷ്ട്രീയത്തിലും പിന്നീടു് ശരിയായ രാഷ്ട്രീയത്തിലും തിളങ്ങി നിന്ന/ഇന്നും നിൽക്കുന്ന ഒരു ഇടതുപക്ഷനേതാവിന്റെ പേർ ഇവിടെ പരാ‍മൃഷ്ടമാവുന്നു..) ഒരു വോട്ടു്, ഒരൊറ്റ വോട്ട്, നീ പിടിച്ചാൽ പിന്നെ ഈ കോളേജിൽ നീ കയറില്ല. ഇതു വെറും ഭീഷണി അല്ല എന്നറിയാമല്ലോ...”.

പിന്നെന്തു നടന്നു എന്നതല്ല പ്രസക്തം.. പ്രസക്തമാവുന്നതു് ഈ സമീപനം ആണു് - ഈ സമീപനത്തിലെ ഗർഹണീയതയാണു്. മൂന്നു ദശകം കഴിഞ്ഞിട്ടും ഈ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഈ സമീപനം, അപലപനീയമായ ഈ അസഹിഷ്ണുത, ധാർഷ്ട്യം വഴിഞ്ഞൊഴുകുന്ന ഈ നയം, എന്തേ കൈവിടാത്തതു്?

Monday, January 11, 2010

ചില പ്രതിഫലനങ്ങൾ..

2010 ലെ പത്താം ദിവസം:

ഇന്നു് ദാസേട്ടന്റെ സപ്തതി-ആയുരാരോഗ്യസൌഖ്യങ്ങൾ, സംഗീതവർഷങ്ങൾ നേരട്ടെ..

***********************
സ്കൂൾ യുവജനോത്സവം കോഴിക്കോട്ടു് കൊടിയേറി -

‘വാനിൽ പാറിക്കളിക്കട്ടെ
വിണ്ണിന്റെ വെളിച്ചമായ്
ഇരുളിന്റെ നെഞ്ചം കീറി-
ത്തകർക്കും തീപ്പന്തമായ്..

ഉയർന്നങ്ങു കേട്ടീടട്ടെ
ദ്യോവിന്റെ തുടിതാളമായ്
ഉണരാൻ വെമ്പുന്ന ലോകത്തെ-
യുണർത്തീടുന്ന ഗാനമായ്..

ഏഷ്യയിലെ ഏറ്റവും വലിയ ഈ യുവജനമേള ആരോഗ്യകരമായ മത്സരങ്ങളുടെ ഒരു സമ്മേളനമാകട്ടെ എന്നാശംസിക്കുന്നു..

**********************

ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി ഗിരിപ്രഭാഷണങ്ങൾ നടത്തുകയും, അതേ സമയം പ്രതികരണസ്വാതന്ത്ര്യം നിഷേധിക്കുകയും പ്രതികരിക്കുന്നവരെ കൈയേറ്റം ചെയ്യുകയും ചെയ്യുന്ന രാഷ്ട്രീയ ധാർഷ്ട്യങ്ങൾ ഉണ്ടാവാത്ത ഒരു പൊൻപ്രഭാതം - അതിനി എന്നുണ്ടാവും?

ഒരു സഹയാത്രികനെ കൈയേറ്റം ചെയ്യുന്നതു കണ്ടിട്ടും പ്രതികരിക്കുന്നതു പോയിട്ടു് മൌനം ഭഞ്ജിക്കാൻ പോലും മടിക്കുന്ന ഈ അഴീക്കോടൻ സാംസ്കാരികനായകത്വം എന്നാണവസാനിക്കുക..?
**************************

Saturday, January 9, 2010

പ്രവാസി ഭാരതീയ സമ്മാനം..

2010 ലെ ഒമ്പതാം ദിവസം:

കഴിഞ്ഞ തവണ പദ്മ പുരസ്കാരസംബന്ധിയായി ഹഷ്മത്തുള്ളഖാൻ വിവാദം ഉണ്ടായതു് ഓർമ്മിക്കുന്നുണ്ടാവും. ഏതായാലും ആ ഷോൾ (shawl) വ്യാപാരി പദ്മശ്രീ പുരസ്കൃതനായി (ഇവിടെ അല്ലെങ്കിൽ ഇവിടെ നോക്കുക) - അങ്ങനെ ആ വിവാദം കെട്ടടങ്ങി.

ഈ കുറിപ്പു് മറ്റൊരു പുരസ്കാരത്തെപ്പറ്റിയാണു് - പ്രവാസി ഭാരതീയ സമ്മാനം. അതിന്റെ നിയമാവലി നോക്കുക - ഇവിടെയുണ്ടു്. പ്രവാസസമൂഹത്തിനു് നൽകുന്ന സേവനങ്ങൾ, ഭാരതത്തിന്റെ യശസ്സുയർത്താൻ പര്യാപ്തമായ പ്രവർത്തനങ്ങൾ തുടങ്ങി ആറു അനുച്ഛേദങ്ങളിൽ വിശദീകരിക്കപ്പെടുന്നൂ ഈ പുരസ്കാരത്തിനു് ഒരു വ്യക്തിയെയോ സംഘടനയെയോ സ്ഥാപനത്തെയോ അർഹരാക്കുന്ന അല്ലെങ്കിൽ അർഹമാക്കുന്ന ഘടകങ്ങൾ.

ഈ വർഷത്തെ പുരസ്കാര ജേതാക്കളുടെ വിവരങ്ങൾ ഇവിടെയുണ്ടു്. ഇതു വരെയുള്ളവരുടെ ഇവിടെ.

ചില സംശയങ്ങൾ മാത്രം:

1) ഇതെന്താ വ്യക്തികൾക്കു മാത്രം അവാർഡ്? സേവനസംഘടനകളോ സ്ഥാപനങ്ങളോ ഒന്നും ഇതു വരെ അർഹരാകാത്തതെന്തേ? ശരിക്കും സേവനസംഘടനകളോ സ്ഥാപനങ്ങളോ അല്ലേ കൂടുതലായി പരിഗണിക്കപ്പെടേണ്ടതു്?

2) പുരസ്കാരജേതാക്കളിൽ ഒരു അമേരിക്കൻ/ബ്രിട്ടീഷ് ചായ്‌വു് പ്രകടമാണു്. മധ്യപൂർവ്വദേശങ്ങളിലാണു കൂടുതൽ പ്രവാസികൾ ഉള്ളതു് എന്ന നിലയ്ക്കു് കുറച്ചുകൂടെ തുല്യതയാർന്ന (equitable) ഒരു പരിഗണന ആവശ്യമെന്നു തോന്നുന്നു..

3) വ്യവസായികൾ മാത്രമല്ല ഒരു സമൂഹത്തിൽ സേവനം ചെയ്യുന്നതു്; പുരസ്കാരജേതാക്കളുടെ പട്ടിക കണ്ടാൽ പക്ഷെ അങ്ങനെയല്ല തോന്നുന്നതു്. തീർച്ചയായും മറ്റു പല മേഖലകളും പരിഗണിക്കപ്പെടേണ്ടതാണു്.

4) ഇതിനുള്ള നാമനിർദ്ദേശങ്ങൾ നൽകാൻ കഴിവുള്ള സംഘടനകളുടെ പട്ടിക (ഇവിടെ നോക്കുക) പ്രാതിനിധ്യസ്വഭാവം ഉള്ളതല്ല. പ്രകടമായും അമേരിക്കൻ/യൂറോപ്പ്‌/ബ്രിട്ടീഷ് ചായ്‌വു് ഉള്ള ഈ പട്ടിക തീർച്ചയായും പരിഷ്കരിക്കപ്പെടേണ്ടതാണു്.


ഏതാ‍യാലും ഡോ: ആസാദ് മൂപ്പനു് (ചിത്രം മുകളിൽ) ആശംസകൾ. വ്യവസായികൾക്കു പുറമേ ഈ പുരസ്കാരം ലഭിക്കുന്ന അപൂർവ്വം വ്യക്തികളിലൊരാൾ എന്ന നിലയിലും, ഒരു നല്ല ഭിഷഗ്വരൻ എന്ന നിലയിലും..

Friday, January 8, 2010

പാട്ടിന്റെ പാലാഴി -


2010 ലെ എട്ടാം ദിവസം:

ഇന്നു ‘പാട്ടിന്റെ പാലാഴി’യുടെ ഓഡിയോ റിലീസ് - വൈകുന്നേരം നാലു മണിക്കു് തിരുവനന്തപുരം മാസ്കട് ഹോട്ടലിൽ വെച്ചു്. ആദിത്യ സിനിമയുടെ ബാനറിൽ ഡോ: ഏ. കെ. പിള്ള നിർമ്മിക്കുന്ന ചിത്രം. രാജീവ് അഞ്ചലാണു് സംവിധാനം. ഓ. എൻ. വി സാറിന്റെ വരികൾ. സുരേഷാണു് (ഡോ: സുരേഷ് മണിമല) സംഗീതം ചെയ്യുന്നതു്. ഹരിഹരൻ, ചിത്ര, വിജയ് യേശുദാസ്, അപർണ്ണ, ശ്വേത ഇവരുടെ ആലാപനം.

ഈ വെള്ളിയാഴ്ച്ചയുടെ അലസതയിൽ മനസ്സിലാകെ സന്തോഷം. ബാല്യകാലസുഹൃത്തിന്റെ ആദ്യസിനിമാസംഗീതസംരംഭം. എത്രയോ വളരെ നേരത്തെ സുരേഷിനെത്തേടിയെത്തേണ്ടിയിരുന്നതാണു് ഇത്തരം സംഗീതസംവിധാനച്ചുമതലകൾ...ഇന്നു രാവിലെ സംസാരിച്ചപ്പോൾ സുരേഷ് ഒരു ഹിന്ദി ഗസലിനെപ്പറ്റി പറഞ്ഞു - അതിലെ രണ്ടു വരികളുടെ അർത്ഥം ഏതാണ്ടിങ്ങനെ.. “ നീ വളരെ വൈകിയിരിക്കുന്നു പ്രിയേ..എങ്കിലും എനിക്കു വളരെ സന്തോഷം, കാരണം താമസിച്ചാണെങ്കിലും നീ വന്നല്ലോ..”.

ഞാൻ വളരെ വളരെ സന്തോഷിക്കുന്നു എന്റെ പ്രിയകൂട്ടുകാരാ - ഇനിയുമിനിയും അംഗീകാരങ്ങൾ താങ്കളെ തേടിയെത്തട്ടെ.

ഓ. എൻ. വി. സാറിന്റെ ഗാനസപര്യയുടെ അറുപതാം വാർഷികം കൂടെ ആഘോഷിക്കപ്പെടുന്നു..പിന്നെ കുറുപ്പുസാറിന്റെ കൊച്ചുമകൾ, രാജീവന്റെ മകൾ, അപർണ്ണ ഇതിൽ പാടുന്നു..

എല്ലാം നന്നായി വരട്ടെ...

ജൂലിയൻ കലണ്ടറും റഷ്യയിലെ ക്രിസ്തുമസും...


2010 ലെ ഏഴാം ദിവസം:

ഇന്നു് ജനുവരി ഏഴു്. ഇന്നാണു് റഷ്യയിലെ ക്രിസ്തുമസു് - റഷ്യൻ ഓർത്തഡോക്സ് ചർച്ചു് ജനുവരി ഏഴിനാണു് ക്രിസ്തുമസു് ആഘോഷിക്കുന്നതു്. ആഘോഷങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇവിടെ. റഷ്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ഉള്ള ഓർത്തഡോക്സ് ചർച്ചു് ഇന്നാണു് ക്രിസ്തുമസു് ആഘോഷിക്കുന്നതു് - ഇവിടെ നോക്കുക.

ജൂലിയസ് സീസർ 46 ബി. സി. യിൽ തുടങ്ങി വെച്ച (45 ബി. സി. യിൽ നിലവിൽ വന്നു) ജൂലിയൻ കലണ്ടർ (ഇവിടെ നോക്കുക) പ്രകാരം ഉള്ള ഡിസംബർ 25 നു് തുല്യമായ തീയതി ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി ഏഴാണു് (ചില കണക്കു പ്രകാരം ജനുവരി 8 എന്നും കാണുന്നുണ്ടു്). 1582 ൽ പോപ് ഗ്രിഗറി പതിനാലാമൻ ജൂലിയൻ കലണ്ടർ മാറ്റി ഗ്രിഗോറിയൻ കലണ്ടർ രംഗത്തു കൊണ്ടുവന്നെങ്കിലും ടർക്കി, റഷ്യ തുടങ്ങിയുള്ള രാജ്യങ്ങൾ അതംഗീകരിച്ചിരുന്നില്ല. ആ ഓർമ്മയിൽ ആയിരിക്കണം ഓർത്തഡോക്സ് ചർച്ചു് ഇന്നും ജൂലിയൻ കലണ്ടർ അംഗീകരിക്കുന്നതു്.

*************************************

കലണ്ടറുകളെക്കുറിച്ചു് ഉമേഷിന്റെ ആധികാരികമായ കുറിപ്പുകൾ പലതുണ്ടു് - ഇവിടെ, ഇവിടെ; പിന്നെ ഇവിടെ നിന്നും പല വിവരങ്ങളും കിട്ടും.

പല കലണ്ടറുകളും തമ്മിലുള്ള താരതമ്യം അറിയേണ്ടവർ ഇവിടെ നോക്കുക.

Thursday, January 7, 2010

വെങ്കി രാമകൃഷ്ണനും താടിയും..

2010 ലെ ആറാം ദിവസം:


ഇതു് ശ്രീ വെങ്കി രാമകൃഷ്ണന്റെ കുറച്ചു നാൾ മുൻപുള്ള ഫോട്ടോ. വെങ്കി രാമകൃഷ്ണൻ എന്നാൽ രസതന്ത്രത്തിനു് 2009 ലെ നോബെൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞൻ.

അദ്ദേഹത്തിന്റെ ഇപ്പോഴുള്ള രൂപം താഴെ..

താടിയൊക്കെ എടുത്തിരിക്കുന്നു..അതിന്റെ കാരണം അദ്ദേഹം തന്നെ വ്യക്തമാക്കുന്നു - അതിവിടെ. രസകരമെന്നും നിർദ്ദോഷമെന്നും തോന്നാവുന്ന, പക്ഷെ കുറച്ചുകൂടി ഗൌരവം നിറഞ്ഞ, കാരണം.

വാൽക്കഷ്ണം - അദ്ദേഹം ഇന്ത്യയിൽ ഉള്ളതു് Indian Science Congress സംഘാടകർ അറിയാതെ പോയതു് എങ്ങനെയെന്നു മനസ്സിലാവുന്നില്ല. വാർത്ത ഇവിടെ. റസൂൽ പൂക്കുട്ടിയോ എ ആർ റഹ്മാനോ (ഓസ്കാർ ജേതാവായതിനു ശേഷം) മമ്മൂട്ടിയോ മോഹൻലാലോ, ഏതെങ്കിലും സ്പോർട്സ് ഗെയിംസ് ഓട്ടം ചാട്ടം കക്ഷികളോ ആയിരുന്നെങ്കിൽ കാണാമായിരുന്നു - യാത്രാപരിപാടി ആഴ്ചകൾക്കു മുമ്പേ എല്ലാവരും അറിഞ്ഞേനെ..

ഓ ഇതു വെറും നോബെൽ ജേതാവല്ലേ..

Wednesday, January 6, 2010

‘ജയ്പ്പൂർ’ സാഹിത്യസമ്മേളനം

2010 ലെ അഞ്ചാം ദിവസം:

ഭൂമുഖത്തെ ഏറ്റവും വലിയ സാഹിത്യോത്സവം എന്നവകാശപ്പെടുന്ന ‘ജയ്പ്പൂർ’ സാഹിത്യസമ്മേളനം ജനുവരി 21 മുതൽ 25 വരെ. ഒന്നാം ദിവസം ‘ഭാഷാസ്വരമാല’ എന്ന ഒരു സംവാദത്തിൽ സച്ചിദാനന്ദൻ മാഷ് ഉണ്ടെന്നൊഴിച്ചാൽ മലയാളത്തിൽ നിന്നു് വേറേ ആരുമില്ല; മൃദുല കോശി, മീനാക്ഷി മാധവൻ റെഡ്ഡി എന്നിങ്ങനെ ഒന്നൊ രണ്ടോ മലയാളിപ്പേരുകൾ ഉണ്ടെന്നിരിക്കിലും അവർ മലയാളത്തെ അല്ലല്ലോ പ്രതിനിധീകരിക്കുന്നതു്..

എന്താണാവോ കാരണം? “വിമാനാപകടത്തിൽ മലയാളികൾ ആരും ഇല്ല” എന്നു് മലയാളപത്രങ്ങൾ ആശ്വാസം കൊള്ളുന്നതു പോലെയല്ല - അറിയാൻ ഒരു ആകാംക്ഷ, അത്ര മാത്രം!!

കൂടുതൽ വിവരങ്ങൾ ഇവിടെ.

Tuesday, January 5, 2010

പിന്നെ എല്ലാം പ്രകാശമായിരുന്നു...

2010 ലെ നാലാം ദിവസം:

ഇന്നു് - ജനുവരി 4 - സർ ഐസക് ന്യൂട്ടന്റെ 367ആം ജന്മദിനം. ആധുനികശാസ്ത്രചരിത്രത്തിന്റെ പരിണാമഗതികളെ ഏറ്റവുമധികം സ്വാധീനിച്ച മഹാൻ. 1687 ൽ അദ്ദേഹം രചിച്ച Philosophiæ Naturalis Principia Mathematica തന്നെയാണു് ആധുനിക ഭൌതിക ഗണിത ശാസ്ത്രങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച പഠനഗ്രന്ഥം. ഏകദേശം മൂന്നു നൂറ്റാണ്ടുകളോളം ഭൌതിക സിദ്ധാന്തസമീകരണങ്ങളുടെ ആധാരശില ന്യൂട്ടോണിയൻ ഭൌതികം തന്നെയായിരുന്നു.

അലക്സാന്തർ പോപ് എഴുതി

"Nature and nature's laws lay hid in Night..
God said, "Let Newton be!" and all was light"

“പ്രകൃതിയും പ്രകൃതിനിയമങ്ങളും
നിശാന്ധകാരത്തിന്റെ ഗഹ്വരത്തിലെങ്ങോ..
അപ്പോൾ ദൈവം അരുൾ ചെയ്തു..
ന്യൂട്ടൺ ഉണ്ടാവട്ടെ..
പിന്നെ എല്ലാം പ്രകാശമായിരുന്നു..”
***************************************

Sunday, January 3, 2010

സഫ്ദർ ഹഷ്മിയെ ഓർക്കുമ്പോൾ..

2010 ലെ മൂന്നാം ദിവസം:


ഇന്നലെ സഫ്ദർ ഹഷ്മിയുടെ ഇരുപത്തിയൊന്നാം ചരമവാർഷികമായിരുന്നു - അദ്ദേഹം കൊല ചെയ്യപ്പെട്ടതിന്റെ ഇരുപത്തൊന്നാം വാർഷികം എന്നു പറയുകയാവും കൂടുതൽ ശരി. ‘ജനനാട്യമഞ്ച്’ എന്ന പേരിൽ ഒരു തിയേറ്റർ ഗ്രൂപ് തുടങ്ങി വെച്ച അദ്ദേഹത്തെ, ആ തിയേറ്റർ ഗ്രൂപ്പിന്റെ ഒരു നാടകത്തിന്റെ പേരിൽ, കൊല ചെയ്യുകയാണുണ്ടായതു് . 1989 ജനുവരി 1 നു് ഡെൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു സ്ഥലത്തു വെച്ചു് തെരുവുനാടകം കളിക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കം അദ്ദേഹത്തിന്റെ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു 34 വയസ്സേ ഉണ്ടായിരുന്നുള്ളു.

കൂടുതൽ വിവരങ്ങൾ ഇവിടെ, പിന്നെ ഇവിടെ.

നീണ്ട 14 വർഷങ്ങൾക്കു ശേഷമാണു് ഇതിലെ പ്രതികളെ ശിക്ഷിക്കാൻ സാധിച്ചതു് - നീണ്ട നിയമയുദ്ധത്തിനുശേഷം. ഏതായാലും 1000 രൂപ പിഴയും ആറു മാസത്തെ തടവും ആയിരുന്നില്ല ശിക്ഷ എന്നതു മാത്രം ഒരു ആശ്വാസം. ചില കുറിപ്പുകൾ ഇവിടെ ഇവിടെ.

പത്രമാധ്യമങ്ങളിൽ അനുസ്മരണങ്ങൾ ഒന്നും കണ്ടില്ല - ശങ്കറിന്റെ ഈ കുറിപ്പൊഴികെ.

ശരിയാണു് - വിസ്മൃതിയിലാണ്ടു പോകാതിരിക്കാൻ ഇതു പുതുവത്സരഘോഷമൊന്നുമല്ലല്ലോ, അല്ലേ!!!!

Saturday, January 2, 2010

ഒരു “നവ“ വത്സര ചിന്ത...

2010 ലെ രണ്ടാം ദിവസം. പുതുവത്സരാ‍ശംസകൾ പല രൂപങ്ങളിലും പല ഭാവങ്ങളിലും കറങ്ങി നടക്കുന്നു ഇപ്പോഴും - എഴുത്തുകളായും കാർഡുകളായും ഇ-മെയിലുകളായും ഫോണിലൂടെയും നേരിട്ടും കൈ കാണിച്ചും ചിരിച്ചും ആലിംഗനങ്ങളായും, ചിലേടത്തൊക്കെ അക്രമങ്ങളായും കൊലപാതകങ്ങളായും, പലപല വിധങ്ങളിൽ....

ഇനിയും കുറെ ദിവസങ്ങൾ കൂടി അങ്ങനെ പോവും. ക്രമേണ പുതുവത്സരം പഴയതാവും എന്നാവാം സങ്കല്പം, അല്ലേ, ഒരു നവവധുവിന്റെ അവസ്ഥ പോലെ.

ചില ചോദ്യങ്ങൾ ബാക്കി - എന്തു കൊണ്ടു പുതുവത്സരം മാത്രം ആഘോഷിക്കപ്പെടുന്നു? പുതുദിനങ്ങളോ പുതിയ വാരങ്ങളോ പുതിയ മാസങ്ങളോ എന്തു കൊണ്ടു് ആഘോഷിക്കപ്പെടുന്നില്ല?

“ഐശ്വര്യദായകർ” എന്നു കരുതപ്പെട്ടിരുന്ന ആൾക്കാരേക്കൊണ്ടു് (കൊച്ചുപെൺകുട്ടികളാവും മിക്കവാറും) ഒന്നാം തീയതി കയറ്റുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നു - ഗ്രാമങ്ങളിൽ. അന്നൊക്കെ കാലത്തിന്റെ ചാക്രികത മാസങ്ങളിൽ ആയിരുന്നു അളന്നിരുന്നതു് എന്നു തോന്നുന്നു. കുറേക്കൂടി നീണ്ട ഒരു കാലയളവു് ആഘോഷങ്ങളുടെ മാനദണ്ഡമാക്കപ്പെട്ടതു് ഗ്രീറ്റിംഗ് കാർഡ് കമ്പനികളുടെ ബുദ്ധിയിൽ നിന്നാവണം....

*******************

എങ്ങനെയൊക്കെ ചിന്തിച്ചാലും, ‘അടുത്ത പന്ത്രണ്ടു മാസം നിങ്ങളുടെ ജീവിതം നന്നായിരിക്കട്ടെ’ എന്നാശംസിക്കാൻ മാത്രമുള്ള ഈ വ്യായാമവ്യയങ്ങളിൽ കുറച്ചു മിതത്വം എന്നാണുണ്ടാവുക എന്നു ചിന്തിച്ചു പോവുന്നു..