കുറെ ദിവസങ്ങൾക്കു ശേഷം വീണ്ടും ബ്ലോഗിംഗിന്റെ ലോകത്തേക്കു്... ആയുരാരോഗ്യസമ്പത്സമൃദ്ധികൾ നേർന്നു കൊണ്ടുള്ള ദശലക്ഷക്കണക്കിനു പുതുവത്സരാശംസകൾ തപാലിലൂടെയും ഇ-തപാലിലൂടെയും കറങ്ങി നടക്കുമ്പോഴും ‘അശാന്തമായിരിക്കുന്നു ലോകം’ എന്ന യേറ്റ്സിന്റെ വാക്കുകളെ ഓരോ നിമിഷവും ഓർമ്മപ്പെടുത്തുന്നൂ നാം കാണുന്ന ഒരോന്നും നാം കേൾക്കുന്ന ഒരോന്നും..
...Turning and turning in the widening gyre
The falcon cannot hear the falconer;
Things fall apart; the centre cannot hold;
Mere anarchy is loosed upon the world,
The blood-dimmed tide is loosed, and everywhere
The ceremony of innocence is drowned;
The best lack all conviction, while the worst
Are full of passionate intensity.
Surely some revelation is at hand;
Surely the Second Coming is at hand....
[from W. B. Yeats' 'The Second Coming' (1920)]...
നന്മകളുടെ ആധാരദൃഢതകൾ, നല്ലതുകളുടെ വിശ്വാസപ്രബലതകൾ ഒന്നൊന്നായ് നഷ്ടപ്പെടുന്നു, തിന്മകൾ ആവേശസമൃദ്ധമായ തീവ്രതയിൽ മുന്നോട്ടു്..
വർഷങ്ങൾക്കു മുമ്പു് സനിൽ എന്ന സുഹൃത്താണു് ആദ്യമായി ഈ കവിതയെ ആദ്യമായി പരിചയപ്പെടുത്തിയതു്. എഴുപതുകളുടെ അവസാനം സി. എം. എസ് കോളെജിൽ പ്രസിദ്ധീകൃതമായ ‘കാമ്പസ് 78‘ എന്ന മാഗസിനിൽ സനിൽ ഇതിനെ ആധാരമാക്കി ദീർഘമായ ഒരു ലേഖനവും എഴുതിയിരുന്നു....
********************************************
വിശ്വാസപ്രമാണങ്ങളുടെ തകർച്ച വേദനാജനകമാണു്. സത്യം കമ്പ്യൂട്ടർ കമ്പനിയുടെ തകർച്ചയിൽ നിന്നു് വീണ്ടും ഒരിക്കൽ കൂടി ഇത്തരം ഒരു ചോദ്യവും (മറ്റു പല ചോദ്യങ്ങൾക്കൊപ്പം) ഉയരുന്നു.. നമുക്കു ആരെയൊക്കെ വിശ്വസിക്കാൻ പറ്റും. കണക്കു സത്യം ആണു് എന്നു പലരും പറയുന്നു - കണക്കിനെ വിശ്വസിക്കാമോ? കണക്കപ്പിള്ളമാരെയൊ അവരെ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഓഡിറ്റർമാരെയോ ഓരോ വർഷവും കമ്പനികൾ കൊടുക്കുന്ന വാർഷിക/ചതുർമാസ പ്രസ്താവനകളെയോ വിശ്വസിക്കാമോ?
പലപ്പോഴും ഇത്തരം പ്രശ്നങ്ങളിൽ നിന്നു ഓഡിറ്റർമാർ രക്ഷപെടുകയാണു പതിവു്. ‘തങ്ങളുടെ മുന്നിൽ അവതരിപ്പിക്കപെടുന്ന രേഖകൾ ആധാരമാക്കി അഭിപ്രായം പറയാനേ തങ്ങൾക്കു കഴിയൂ‘ എന്നൊരു തർക്കം ആണു് അവർ പലപ്പോഴും പറയാറു്. അങ്ങനെ ആണെങ്കിൽ ഓഡിറ്റർമാർ എന്തിനാണു്? അവർക്കു മുന്നിൽ യഥാർത്ഥ കണക്കുകൾ എത്തുന്നു എന്നുറപ്പാക്കുവാൻ ആർക്കു പറ്റും - എങ്ങനെ പറ്റും? ധാരാളം ചോദ്യങ്ങൾ ഉത്തരമില്ലാതെ നമ്മുടെ മുന്നിൽ...Who will audit the auditors എന്നതു് ഒരു പഴയ ദാർശനികപ്രശ്നം തന്നെ. KPMG ഒരു കാവൽസംഘടനയെ ആവശ്യപ്പെട്ടു കഴിഞ്ഞു..
ഏതായാലും PwC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന PriceWaterhouse Coopers ഇത്തരം വ്യാജക്കണക്കു കഥകളിലെ ഒക്കെ ഒരു കണ്ണിയാവുന്നതു തീരെ യാദൃച്ഛികമാണോ? Global Trust Bank മുതൽ സത്യം വരെ, അതിനിടെ ടാക്സ് പ്രശ്നങ്ങളിൽ (ലിങ്ക് ഇവിടെ) ഉൾപ്പെടെ, അവർ വന്നു പെട്ടിരിക്കുന്നു.. ഏതായാലും ICAI പി.ഡബ്ല്യു.സി ക്കെതിരെ നോട്ടീസ് കൊടുത്തു കഴിഞ്ഞു.. പക്ഷെ ഒരൊറ്റ മാസം കൊണ്ടു് ഓഹരിക്കാർക്കു നഷ്ടപ്പെട്ടതു് 13,600 കോടിയിലേറേ രൂപയാണു്...
****************************