
“ഓർമ്മയുണ്ടോ എന്നെ” എന്നു് ഇയാൾ ചോദിക്കുന്നതു പോലെ..
ഇതു് പഴയ വാൽവ് റേഡിയോ..ഓൺ ചെയ്തു കഴിഞ്ഞാൽ ഒന്നു ചൂടായി വരാൻ ഇത്തിരി സമയമൊക്കെ എടുത്തിരുന്ന നമ്മുടെ പഴയ ചങ്ങാതി.. വെളുത്ത പിയാനോ സ്വിച്ചുകളും, പിന്നെ മുഖത്തു്, ഇടത്തു മുകളിൽ, മൂന്നാം തൃക്കണ്ണു പോലെ പച്ച നിറത്തിൽ തെളിയുന്ന ‘മാജിക് ഐ’ യുമൊക്കെ ആയി രാജകീയപ്രൌഢി തന്നെ ഉണ്ടായിരുന്നവൻ..
എന്റെ ഓർമ്മയിൽ ആദ്യം ഉള്ളതു് ‘ഫിലിപ്സി’ന്റെ ഈ ചിത്രത്തിലേതു പോലെയുള്ള ഒരെണ്ണമാണു്.. അറുപതുകളുടെ ആദ്യ പകുതി. അന്നു് മർഫി, ടെലിറാഡ് തുടങ്ങി മറ്റു ചില ബ്രാന്റുകളും ഉണ്ടായതായി ഓർക്കുന്നു.. വലിയ ഉയരത്തിൽ പിടിപ്പിക്കുന്ന ഏരിയൽ, ഇടയ്ക്കുള്ള പൊട്ടലും ചീറ്റലും - പ്രത്യേകിച്ചു് ഇടിയും മഴയും ഉള്ളപ്പോൾ, ഇതൊക്കെ റേഡിയോയുടെ കൂടെ ഉള്ള ഓർമ്മ :) രാത്രി പത്തരയോ പതിനൊന്നു വരെയോ ഉള്ള ‘ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളും’, ഏഴരയ്ക്കുള്ള ഡെൽഹി വാർത്തയും, നിലയവിദ്വാൻമാരുടെ കച്ചേരിയും എല്ലാം ഓർമ്മ വരുന്നു..
അന്നു് റേഡിയോ ലൈസൻസ് ഉള്ള കാലം.. പോസ്റ്റ് ഓഫീസിൽ പോയി വർഷാവർഷം ലൈസൻസ് ഫീ കെട്ടണം. 1977 ലാണു് ഇന്ത്യയിൽ റേഡിയോ ലൈസൻസ് ഫീ (റ്റെലിവിഷൻ ലൈസൻസ് ഫീയും) നിർത്തലാക്കിയതു്.. പക്ഷെ ഇപ്പോഴും പല രാജ്യങ്ങളിലും ഇതു തുടരുന്നു.. ഇവിടെ നോക്കൂ..