2010 ലെ പതിനഞ്ചാം ദിവസം:
പ്രകൃതിദുരന്തത്തിൽ തകർന്നടിഞ്ഞ ഹെയ്തിയാണു് ഇന്നു വാർത്തകളിൽ. ദശാബ്ദങ്ങളായി പലതരത്തിലുള്ള തിരിച്ചടികളും പ്രതിസന്ധികളും നേരിടേണ്ടി വന്ന ഒരു രാജ്യം. ഐക്യരാഷ്ട്രസഭയുടെ ഇടപെടലോടെ പതുക്കെപ്പതുക്കെ സമാധാനജീവിതത്തിലേക്കു തിരിച്ചു വരികയായിരുന്ന ഹെയ്തിയൻ ജനതതിക്കു് ഇതൊരു അസാധാരണമായ വെല്ലുവിളിയാണു്. ‘കഴിഞ്ഞ രണ്ടു ശതാബ്ദങ്ങളായുള്ള കെട്ടുപാടുകളിൽ നിന്നു രക്ഷപെടാനുള്ള ഒരു അവസരമാണു് ഹെയ്തിയൻ ജനതയ്ക്കു് ഈ ദുരന്തത്തിനു മുമ്പു വരെയുണ്ടായിരുന്നതു്; പക്ഷെ എല്ലാം നഷ്ടമായി എന്നു കരുതണ്ട, തിരിച്ചു വരാൻ ഇനിയും കഴിയും’ എന്ന ബിൽ ക്ലിന്റന്റെ വാക്കുകൾ നോക്കുക.
സ്വന്തം സ്വാതന്ത്ര്യത്തിനു് 21 ശതകോടി ഡോളർ വില കൊടുക്കേണ്ടി വന്ന ഒരു രാഷ്ട്രമാണു ഹെയ്തി എന്നറിയുക. രണ്ടിലെറെ നൂറ്റാണ്ടുകളായുള്ള വിദേശാധിപത്യം, മുഖ്യമായും ഫ്രഞ്ച് അടിമത്തം, അവസാനിക്കുന്നതു് 1804 ലാണു് - അതും 12 വർഷം നീണ്ട പോരിനു ശേഷം. പക്ഷെ 1825 വരെ ഫ്രാൻസ് ഹെയ്തിയുടെ സ്വാതന്ത്ര്യം അംഗീകരിച്ചില്ല - കീഴടക്കും എന്ന ഭീഷണിയുമായി ഫ്രഞ്ച് യുദ്ധക്കപ്പലുകൾ ഹെയ്തിക്കു ചുറ്റും കറങ്ങി നടന്നു, 21 വർഷത്തോളം. “നഷ്ടപ്പെട്ട” സ്വത്തിനും സ്വതന്ത്രരാക്കപ്പെട്ട അടിമകൾക്കും നഷ്ടപരിഹാരമായി ഏകദേശം 150 ദശലക്ഷം ഫ്രാങ്ക് (ഇന്നു് ഏകദേശം 21 ശതകോടി ഡോളറിന്റെ തുല്യം) നൽകിയാൽ മാത്രമേ ഹെയ്തിയുടെ സ്വാതന്ത്ര്യം അംഗീകരിക്കൂ എന്നു് ഫ്രാൻസ് നിലപാടെടുത്തു. 21 വർഷത്തെ ചെറുത്തു നിൽപ്പിനു ശേഷം, ഫ്രാൻസിന്റെ സാമ്പത്തികമുഷ്ക്കിനു മുമ്പിൽ അവസാനം അവർക്കു കീഴടങ്ങേണ്ടി വന്നു.
1825 ലെ ഹെയ്തിയുടെ വാർഷിക വരുമാനത്തിന്റെ പത്തു മടങ്ങോളം വരുമായിരുന്നു ആ തുക. 1947 ലാണു് ആ കടം പൂർണ്ണമായി വീട്ടാൻ ഹെയ്തിക്കു കഴിഞ്ഞതു്. 150 വർഷത്തോളം വികസന പ്രവർത്തനങ്ങൾ ഒന്നും നടത്താനാവാതെ - വിദ്യാഭ്യാസത്തിനോ പൊതുജനാരോഗ്യത്തിനോ അടിസ്ഥാനസൌകര്യങ്ങൾ നിർമ്മിക്കാനോ ഒന്നുമാവാതെ, അവർ കടം വീട്ടിക്കൊണ്ടിരുന്നു. അടിമത്തം ഒരു അന്തർദ്ദേശീയ കുറ്റകൃത്യമാക്കി പ്രഖ്യാപിച്ചു ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും മുൻ തലമുറകളെ അടിമത്തച്ചങ്ങലകളിൽ നിന്നു മോചിപ്പിച്ചതിന്റെ നഷ്ടപരിഹാരമായി ഹെയ്തിയൻ സമൂഹം ഋണബദ്ധരായി ഈ ലോകരാശിക്കു മുമ്പിൽ വെറുങ്ങലിച്ചു നിന്നു...
2004ൽ, അവരുടെ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറാം വാർഷികത്തിൽ, ഹെയ്തി ഈ തുക മടക്കി ആവശ്യപ്പെട്ടു. വിവരങ്ങൾ ഇവിടെ.
Aided by U.S. and French lawyers, the Haitian government is preparing a legal brief demanding nearly $22 billion in "restitution" for what it regards as an act of gunboat diplomacy. Banners calling for "Reparations and Restitution" fly over Port-au-Prince's crammed and filthy streets. "France, pay me my money, $21,685,135,571.48," is the refrain heard incessantly to carnival music in government ads on Haitian radio and television.പക്ഷെ സോഷ്യലിസ്റ്റ് എന്നവകാശപ്പെടുന്ന ഫ്രാൻസ് വഴങ്ങിയില്ല. “1885 ൽ അടഞ്ഞ അധ്യായം” എന്നായിരുന്നു അവരുടെ പ്രതികരണം - 3,000 ശതകോടി ഡോളർ വാർഷികവരുമാനമുള്ള ഫ്രാൻസിനു് ഈ തുക ഒരു ചെറിയ ‘കൈമടക്കു’ പോലെ മാത്രമെങ്കിലും.
ഇപ്പോൾ, ഈ പരിതാപകരമായ അവസ്ഥയിൽ, ഫ്രാൻസ് ഈ തുക മടക്കിയാൽ ഹെയ്തിയ്ക്കു് സാധാരണ നിലയിലേക്കു തിരിച്ചു വരാൻ വളരെ എളുപ്പമാകും. അതവരുടെ പണമാണു് - ഒരു നൂറ്റാണ്ടിലേറെയുള്ള ഹെയ്തിയൻ വിയർപ്പിന്റെ വില. ദാരിദ്ര്യം സഹിച്ചുകൊണ്ടുള്ള അവരുടെ അദ്ധ്വാനത്തിന്റെ വില. അതു തിരിച്ചു നൽകേണ്ടതു ഫ്രാൻസിന്റെ ധാർമ്മിക ഉത്തരവാദിത്വമാണു്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ മരവിച്ച മനസ്സുമായി ഇരിക്കുന്ന ഈ ഹെയ്തിയൻ മുത്തശ്ശിയുടെ മുഖം നോക്കിയെങ്കിലും ഫ്രഞ്ച് ദുരഭിമാനം ആ പണം തിരികെ നൽകണം..
******************
പ്രശസ്ത എഴുത്തുകാരനും ഗവേഷകനും ആയ തുങ്കു വരദരാജന്റെ ഈ പോസ്റ്റാണീ കുറിപ്പിനു ആധാരമായതു്- നന്ദി. കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും ഇവിടെ നിന്നും
3 comments:
നല്ല വായന സമ്മാനിച്ചതിന് വളരെയധികം നന്ദി.
തുടര്‍ന്നും നല്ല രചനകള്‍ വരെട്ടെയെന്ന് ആശംസിക്കുന്നു,
എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പരമുള്ള കൂട്ടായ്മ എനിക്കും താങ്കള്‍ക്കും എഴുത്തില്‍ കൂടുതല്‍ ശക്തി നല്‍കും..
:)
റ്റോംസ് തീർച്ചയായും.
വേദവ്യാസൻ - :) :)
Post a Comment