Saturday, November 1, 2008

ചില ഒക്ടോബർ 31 ചിന്തകൾ..

ഈ പോസ്റ്റ് വരുന്നതു് ഒരു പക്ഷെ നവംബർ ഒന്നിനാവും.. ഇന്നലെ പോസ്റ്റ് ചെയ്യാൻ പറ്റിയില്ല എന്നേയുള്ളൂ - ചിന്തകൾ ഇന്നലത്തെയാണു്.

പാരതന്ത്ര്യം എന്നാൽ ‘അന്യന്റെ വരുതിയ്ക്കു നിൽക്കുക’ എന്നു വിവക്ഷ. അപ്പോൾ സ്വാതന്ത്ര്യം എന്നാൽ ‘സ്വന്തം വരുതിക്കു നിൽക്കൽ’ എന്നാവും അല്ലേ. ഒരു വരുതിയ്ക്കു നിൽക്കൽ ഈ രണ്ടു് അവസ്ഥകളിലും ഉണ്ടു് - അന്യന്റെയോ സ്വന്തമോ ആവും വരുതി എന്ന വ്യത്യാസം മാത്രം. Freedom of thought, freedom of expression എന്നൊക്കെ പറയുമ്പോഴും അതിൽ അന്തർലീനമായി ഒരു നിയന്ത്രിക്കൽ - സ്വകീയമോ പരകീയമോ - ഉൾഭവിച്ചിട്ടുണ്ടു്. ഒരൊറ്റ വാഹനം പോലും ചുറ്റുവട്ടത്തില്ലെങ്കിലും വേഗത കൂടിയാൽ മറ്റാർക്കും അപകടം ഉണ്ടാവുകയില്ല എന്നുറപ്പാണെങ്കിൽ പോലും 120 കിലോമീറ്റർ എന്നൊരു വേഗതാനിയന്ത്രണനിർദേശം ഉണ്ടെങ്കിൽ അതു പാലിക്കപ്പെടണം എന്നു നിയമം അനുശാസിക്കുന്നതു പോലെ. ഡോ. മന്മോഹൻ സിംഹ്‌ ഈയിടെ ചൈനയിൽ വെച്ചു് ഊന്നിപ്പറഞ്ഞതു പോലെ ശക്തമായ റെഗുലേഷൻ ഇല്ലെങ്കിൽ ആനകളാവും ആദ്യം അടി തെറ്റി വീഴുക. വീഴ്ച്ചകൾ ഇല്ലാത്ത ഒരു ലോകം പക്ഷെ അയഥാർത്ഥമാണെന്നറിഞ്ഞു കൊണ്ടു തന്നെ 24 വർഷം മുമ്പുള്ള ആ ഒക്റ്റോബർ 31 ന്റെ ഓർമ്മകളിലേക്കു് - തികച്ചും സ്വകീയമായ ഓർമ്മകളിലേക്കു്..

************************************

അന്നു് ഒരു സുഹൃത്തിന്റെ അനിയത്തിയുടെ വിവാഹം ഗുരുവായൂരിൽ വെച്ചു്. തിരുവനന്തപുരത്തു നിന്നു കൃഷ്ണകുമാർ തലേന്നു തന്നെ കൊച്ചിയിൽ എത്തി. ‘ആത്മാരാമൻ’ എന്നാണു് കൃഷ്ണകുമാർ സാഹിത്യലോകത്തു് അറിയപ്പെടാറു്. അന്നൊക്കെ ഇത്തരം യാത്രകൾ ഒക്കെ ഞങ്ങൾ ഒരുമിച്ചാണു്. 30നു വൈകുന്നേരം ഗുരുവായൂരിൽ. തീരഭൂമിയിൽ നിന്നു് ധാരാളം പുസ്തകങ്ങൾ വാങ്ങുന്നു - ബാലാമണിയമ്മയുടെ കുറെ കൃതികൾ വാങ്ങിയതു് പ്രത്യേകം ഓർമ്മിക്കുന്നു. പലേയിടങ്ങളിലും അന്വേഷിച്ചു കിട്ടാത്തവ ആയിരുന്നു അവയിൽ പലതും.

പിറ്റേന്നു വിവാഹചടങ്ങുകൾക്കു ശേഷം ഊണു കഴിച്ചു കൊണ്ടിരിക്കുന്നു (‘നന്ദിനി’ ടൂറിസ്റ്റ് ഹോമിൽ എന്നാണോർമ്മ). പതിനൊന്നു് ആവുന്നതെയുള്ളൂ. പെട്ടെന്നു വധുവിന്റെ അമ്മാവൻ ഓടി വന്നു പരിഭ്രമത്തോടെ പറയുന്നു - മിസ്സിസ് ഗാന്ധിയെ വെടിവെച്ചു എന്നൊരു വാർത്തയുണ്ടു്, ഏതായാലും വേഗമാ‍ക്കാം ഊണും പുറപ്പെടലും. ഒരു നടുക്കം ഉണ്ടായി എല്ലാവർക്കും..ആകെ ഒരു സംഭ്രമം. വഴിക്കു് അക്രമങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടു് എന്നു് പൊതു അഭിപ്രായം. വ്യക്തികൾ crowd ആയി മാറുമ്പോൾ, ആ അവസ്ഥയിൽ എത്തുമ്പോൾ പ്രതികരിക്കുന്നതു് വളരെ വ്യത്യസ്തരീതിയിൽ ആവും എന്നതു് സുവ്യക്തം. ഗുരുവായൂർ ബസ് സ്റ്റാന്റിൽ ബസുകൾ ഒഴിഞ്ഞു കൊണ്ടിരിക്കുന്നു. ആദ്യം പുറപ്പെട്ട ബസ്സിൽ തന്നെ ചാടിക്കയറി. തൃശ്ശൂരിൽ എത്തുമോ എന്നു് ഒരുറപ്പും ഇല്ല. വഴിക്കൊക്കെ ആക്രോശിക്കുന്ന സംഘങ്ങൾ കുറേശ്ശെ രൂപപ്പെട്ടു വരുന്നു.. Elias Canetti യുടെ 'Crowd and Power' നെ പറ്റി ഞങ്ങൾ സംസാരിച്ചു... തീരെ അശക്തൻ ആയ ഒരു വ്യക്തി പോലും ഒരു ജനക്കൂട്ടത്തിന്റെ ഭാഗം ആവുമ്പോൾ ശക്തനാവുന്നു - അല്ലെങ്കിൽ ശക്തിയുടെ പിൻബലം നൽകുന്ന ഒരു തരം ധൈര്യം അവനു കൈ വരുന്നു. ചിലപ്പോൾ വളരെ മായികമായ (illusory എന്ന അർത്ഥത്തിൽ) ഒരു ശക്തി അല്ലെങ്കിൽ ധൈര്യം ആവും അതു്, എങ്കിൽ പോലും. ഒരു ചെറിയ പ്രത്യാക്രമണത്തിനു* പോലും ഒരു പക്ഷെ ഈ മായികബലത്തെ തകർക്കാൻ പറ്റും എങ്കിൽ പോലും. *പോലിസിന്റെ crowd management ന്റെ പ്രധാന ഘടകം ഇതു തന്നെ ആണല്ലോ.

കേച്ചേരി കഴിഞ്ഞു് ഒരു അഞ്ചു മിനിറ്റ് ആയിക്കാണും - ഒരു കല്ലു ചീറിപ്പാഞ്ഞു ബസ്സിന്റെ വശത്തു തട്ടി തെറിച്ച വലിയ ശബ്ദം കേട്ടു ആകെ ഒരു ഞെട്ടൽ ബസ്സിനുള്ളിൽ. പിന്നെ ഒരു പാച്ചിൽ ആയിരുന്നു. തൃശ്ശൂർ എത്തി - മറ്റപായങ്ങൾ ഉണ്ടാകുന്നതിനു മുമ്പു്. ട്രെയിനുകൾ ഒന്നും ഇല്ല. റെയിൽ‌വേ സ്റ്റേഷൻ വിജനം ആയിക്കഴിഞ്ഞു. KSRTC സ്റ്റാന്റിൽ ആളുകൾ ഉണ്ടു് - പക്ഷെ ബസ്സുകൾ ഒന്നും പുറപ്പെടുന്നില്ല. തൃശ്ശൂരിൽ താമസിക്കാൻ പറ്റാഞ്ഞിട്ടോ ഒന്നുമല്ല, പക്ഷെ തിരിച്ചു എറണാകുളത്തു് എങ്ങനെ എങ്കിലും എത്തിപ്പെട്ടാൽ മതി എന്നാണു് മനസ്സിൽ. ‘വീടു്’ എന്ന സ്ഥാപനം നൽകുന്ന ഒരു സംരക്ഷണം ഒരു പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ മനസ്സു് ആഗ്രഹിക്കുന്നുണ്ടാവാം.. സന്ദർഭം അനുസരിച്ചു് ഈ ‘വീടു്’ എന്ന സ്ഥാപനത്തിന്റെ പരിധി മാറുന്നു.. വിദേശത്തു വെച്ചാണിത്തരം കാര്യങ്ങൾ ഉണ്ടാവുന്നതെങ്കിൽ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തു എത്തിയാൽ സംരക്ഷിതം എന്ന തോന്നൽ. വടക്കേ ഇന്ത്യയിൽ വെച്ചാണെങ്കിൽ കേരളത്തിൽ അല്ലെങ്കിൽ തമിഴ്നാട്ടിൽ എത്തിയാൽ പോലും മതിയാവും. കേരളത്തിൽ വെച്ചാണെങ്കിൽ വീട്ടിൽ തന്നെ എത്തണം..

പ്രത്യേകിച്ചു് ഒരു പദ്ധതിയും ഇല്ലാതെ ഞങ്ങൾ ആ ബസ് സ്റ്റാന്റിൽ ഇരുന്നു. ഇടക്കു റെയിൽ വേ സ്റ്റേഷനിൽ പൊയി നോക്കും...വൈകുന്നേരം ആയി. വിശപ്പും ദാഹവും അല്ല പ്രശ്നം - എറണാകുളം വഴി പോവുന്ന ഒരു ബസ്. പക്ഷെ അതില്ലാത്ത അവസ്ഥയിൽ വിശപ്പും ദാഹവും തല പൊക്കി. ബസ് സ്റ്റാന്റിലെ ഒരു മിൽമാ ബൂത്തിന്റെ പിൻ‌വാതിലിലൂടെ ചില ബേക്കറി വിഭവങ്ങളും കാപ്പിയും ബൂത്തുടമസ്ഥൻ ഒരുക്കിത്തന്നു. രാത്രി എട്ടര മണിക്കു വെറുതെ ബസ് സ്റ്റാന്റിന്റെ പിൻഭാഗം വഴി ഒന്നു കറങ്ങിയതാണു് - ഒരു ബസ് സ്റ്റാർട് ചെയ്യപ്പെടുന്ന പോലെ ഒരു തോന്നൽ. “എറണാകുളം വഴി കോട്ടയത്തിനാണു് - പോരുന്നോ’ എന്നു കണ്ടക്റ്ററുടെ ചോദ്യം. ആദ്യം തമാശയാണെന്നാണു കരുതിയതു്. “പോരുന്നെങ്കിൽ കയറിക്കോ” കണ്ടക്റ്റർ ഒന്നുകൂടി ആവർത്തിച്ചു. വേറെ ഒന്നും ആലോചിച്ചില്ല - ഞങ്ങൾ ഉള്ളിൽ. വേറെ നാലോ അഞ്ചോ പേരും കൂടെ. ബസ് സ്റ്റാന്റിനുള്ളിൽ കയറാതെ പിൻ‌വശത്തു നിന്നു തന്നെ ബസ് എറണാകുളം റോഡിലേക്കു തിരിഞ്ഞു. ഡ്രൈവറുടെ മകളുടെ കല്യാ‍ണം ആണു രണ്ടു ദിവസം കഴിഞ്ഞു കോട്ടയത്തു വെച്ചു - അതു കൊണ്ടു അയാൾക്കു പോയേ പറ്റൂ. അധികാരികളുടെ അനുവാദം ഇല്ലാതെ പോന്നതു പോലും ആവാം അയാൾ, ഒരു പക്ഷെ.

വഴിക്കു മുഴുവൻ ഇടയ്ക്കിടക്കു് വഴി തടയൽ ധാരാളം. പക്ഷെ ജനക്കൂട്ടങ്ങൾ ഒന്നു അടങ്ങിയിരുന്നു.. തകർത്തു പെയ്ത മഴയ്ക്കു ശേഷം അതു ശമിച്ച പോലെ.. ക്രോധം ദുഖം ആയി മാറുകയായിരുന്നു.. പലതവണ ടെലിവിഷനിലും റേഡിയോ യിലുമായി കണ്ടും കേട്ടും ആളുകൾ ആ സത്യം internalise ചെയ്തു. ഒന്നാറിത്തണുത്തു.

ചാലക്കുടി കഴിഞ്ഞു യാത്രക്കാരായി ഞങ്ങൾ മാത്രം. 11 മണി ആയപ്പോൾ, ഞങ്ങൾക്കു ഇറങ്ങേണ്ടിയിരുന്ന, മനോരമ ജങ്ക്ഷനിൽ തന്നെ ഞങ്ങളെ ഇറക്കി ആ ഡ്രൈവർ. അദ്ദേഹത്തിന്റെ മകളുടെ കല്യാണം തടസ്സമില്ലാതെ നടക്കട്ടെ എന്നാശംസിച്ചു് ഞങ്ങൾ എന്റെ വാസസ്ഥലത്തേക്കു നടന്നു..പിന്നെ മൂന്നു നാലു ദിവസത്തേക്കു ഒരു തരം ഹർത്താൽ രീതിയായിരുന്നു എല്ല്ലായിടത്തും...

BBC യുടെ ഓർമ ഇതാ ഇവിടെ. അന്നു BBC റിപ്പോർട്ടർ സതീശ് ജേക്കബ് ആണു്. അദ്ദേഹത്തിന്റെ റിപ്പോർട്ടുകളിൽ നിന്നാണു് കൂടുതൽ വിവരങ്ങൾ കിട്ടിയിരുന്നതു്.

1948 ജനുവരി 30 നു ശേഷം ഭാരതം നേരിട്ട ഒരു പ്രത്യേക അവസ്ഥാവിശേഷമായിരുന്നു അന്നു്. അന്നത്തെ തലമുറയുടെ അത്തരത്തിലെ ആദ്യ അനുഭവവും. ഭീകരവാദം അതിന്റെ തീക്ഷ്ണമായ അവസ്ഥയിൽ വന്നെത്തിയിരിക്കുന്നു എല്ലായിടത്തും എന്ന തിരിച്ചറിവു് ഭാരതത്തിനുണ്ടായതു് ഒരു പക്ഷെ അതിനു ശേഷമായിരിക്കും. തന്റെ രക്ഷ നോക്കാൻ ബാദ്ധ്യതപ്പെട്ട രക്ഷാ ഉദ്യോഗസ്തന്മാർ തന്നെ തന്റെ ജീവൻ കവർന്ന ഒരു ഭീകരമായ ദയനീയമായ വശം കൂടെ ഈ സംഭവത്തിനുണ്ടു്. ഇന്നത്തെ മാതിരി ഇന്റലിജൻസ് സംവിധാനങ്ങൾ അന്നുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ആ സംഭവം ഉണ്ടാവുമായിരുന്നില്ല..അതോ ഉണ്ടായിട്ടും അതിന്റെ പിഴവായിരുന്നോ ഈ ദാരുണതയിൽ എത്തി നിന്നതു് - ആർക്കറിയാം?

ഇന്ദിരാഗാന്ധിയുടെ സംസ്കാര വേളയിൽ എത്തിയ യാസ്സർ അറാഫത്തിന്റെ ഒരു ഇന്റർവ്യൂ മാത്രം ഇപ്പോഴും മനസ്സിൽ... ആ തിളങ്ങുന്ന കണ്ണുകളിൽ ആകെ നനവായിരുന്നു.. ‘എന്നെ യാസ്സെർ എന്നു മാത്രം വിളിച്ചിരുന്ന എനിക്കു പിറക്കാതെ പോയ എന്റെ സഹോദരി’ എന്നു തുടങ്ങി ദൂരദർശനുമായി അദ്ദേഹം നടത്തിയ ആ സംഭാഷണം എന്തോ ഇപ്പോഴും മനസ്സിൽ...

രാഷ്ട്രീയമായി എത്രയോ പാളിച്ചകൾ തെറ്റുകൾ ആരോപിക്കാമെങ്കിലും അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശിരസ്സുയർത്തി തന്നെ നിർത്തിയ ഒരു മഹദ്വ്യക്തിത്വം തന്നെ ആയിരുന്നു അവരുടേതു്. അന്നു് അമേരിക്കയിൽ മഞ്ഞു വീണാൽ ഇന്ത്യ തുമ്മിയിരുന്നില്ല ഒരു കാരണവശാലും..

ശരിയാണു് - ഒരു വഴിയോരക്കാഴ്ചയായിട്ടെങ്കിലും ഓർമ്മകൾ ഉണ്ടായിരിക്കണം...

2 comments:

എതിരന്‍ കതിരവന്‍ said...

ഹരീ.
ആ അവസാനത്തെ ഖണ്ഡിക ആദ്യം തന്നെ എഴുതിയിരുന്നെങ്കില്‍ പിന്നെ ഇത് വായിക്കേണ്ടി വരില്ലായിരുന്നു.

അടിയന്തിരാവസ്ഥക്കാലത്താണു ഇതു സംഭവിച്ചതെങ്കില്‍ ഹരിയുടെ ചേതോവികാരം എന്തായിരിക്കുമെന്നും അറിയാന്‍ താല്‍പ്പര്യമുണ്ട്.

Harikrishnan:ഹരികൃഷ്ണൻ said...

‘അടിയന്തിരാവസ്ഥക്കാലത്താ‍ണു് അവർ വധിക്കപ്പെട്ടതെങ്കിൽ എന്റെ ചേതോവികാരം എന്തായിരുന്നിരിക്കും‘ എന്നാണോ ചോദ്യം???? ഇത്തരം സങ്കല്പിതചോദ്യങ്ങൾക്കു ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടു്.. വ്യക്തിഹത്യ മാനസികമായാലും ശാരീരികം ആയാലും അതെനിക്കു യോജിപ്പുള്ള മാർഗമല്ല - അതു കൊണ്ടു്, പ്രതികരണം വളരെ വ്യത്യസ്തം ആവുമായിരുന്നിരിക്കില്ല. ആദ്യത്തേതു മലയാളികൾ പേറ്റെന്റു് എടുത്തിട്ടുള്ളതും മറ്റേതു ഭീകരവാ‍ദികളുടെ മാർഗവും. രണ്ടും ഒരു പോലെ ഗർഹണീയമാണു് - എനിക്കു്.ഒരു പക്ഷെ നിങ്ങൾക്ക് അങ്ങനെ ആവില്ല - അതു് നിങ്ങളുടെ ഇഷ്ടം, സ്വാതന്ത്ര്യം..

പിന്നെ അടിയന്തിരാവസ്ഥയോടു് എന്റെ പ്രതികരണം എന്തായിരുന്നു എന്നായിരുന്നു ചോദ്യം എങ്കിൽ - അതു് ഒരു കമന്റിൽ ഒതുക്കാൻ പറ്റില്ല..അതു ഒരു പോസ്റ്റിൽ തന്നെയാവാം. ഒരു പക്ഷെ പിന്നീടു്..