Saturday, January 10, 2009

പുസ്തകപ്രസാധനരംഗത്തെ പുതിയ കാൽ‌വെയ്പ്പുകൾ


കുറച്ചു നാൾ മുമ്പു് ‘ബുക് റിപ്ലബ്ലിക്‘ നെപ്പറ്റി വായിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഈ പോസ്റ്റിൽ നിന്നാണു് കിട്ടിയതു്. അതിൽ പറയുന്നതു പോലെ ബുക് റിപ്പബ്ലിക്കിന്റെ ആദ്യഗ്രന്ഥപ്രസാധനം ഇന്നു നടക്കുന്നു - ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ചു് വൈകിട്ടു 4.30 നു്. ആ പോസ്റ്റിൽ നിന്നുമുള്ള രണ്ടു ഖണ്ഡികകൾ ചുവടെ..

ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ആവശ്യമായ സർഗ്ഗവൈഭവവും സാങ്കേതികജ്ഞാനവും മലയാളം ബ്ലോഗെഴുത്തുകാരിൽത്തന്നെ ആവശ്യത്തിനുള്ളതു കൊണ്ടു് ഇത്തരം പ്രസാധകരെ ആശ്രയിക്കാതെ പുസ്തകങ്ങൾ ഒന്നുകൂടി നല്ല രീതിയിൽ കുറഞ്ഞ ചെലവിൽ പ്രസിദ്ധീകരിക്കാൻ കഴിയും എന്ന ചിന്തയിൽ നിന്നാണു് ബുക്ക് റിപ്പബ്ലിക്ക് എന്ന ആശയം ഉണ്ടായതു്. ഇന്റർനെറ്റിൽ കൂടി പരിചയപ്പെട്ട ഏതാനും ആളുകൾ ചേർന്നുള്ള ഈ സംരംഭത്തിന്റെ ആദ്യത്തെ ഫലം ഈയാഴ്ച പുറത്തു വരുകയാണു്.

തുടക്കത്തിലുള്ള മൂലധനം സംഭരിച്ചതും, കൃതി തിരഞ്ഞെടുത്തതും, ടൈപ്പു ചെയ്തതും, ടൈപ്‌സെറ്റു ചെയ്തതും, വിതരണത്തിനും പരസ്യത്തിനുമുള്ള ഏർപ്പാടുകൾ ചെയ്യുന്നതും ബ്ലോഗിലൂടെ പരിചയപ്പെട്ട ഈ ആളുകൾ തന്നെയാണു്. തീരുമാനമെടുത്തതിനു ശേഷം വളരെ കുറച്ചു സമയത്തിനുള്ളിൽത്തന്നെ ആദ്യത്തെ കൃതി പ്രസിദ്ധീകൃതമാകുകയാണു്.

ലാപുട എന്ന പേരിൽ എഴുതുന്ന റ്റി. പി. വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ” എന്ന കവിതാസമാഹാരമാണു് ആദ്യപ്രസാധനം. എല്ലാ ഭാവുകങ്ങളും നേരുന്നു - ഇന്നത്തെ ചടങ്ങിനും ഇനിയുള്ള എല്ലാ സംരംഭങ്ങൾക്കും..ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകളും.

No comments: