Saturday, August 22, 2009
ഇതു ഖുർജ..
ഇതു ഖുർജ.. ഡെൽഹിയിൽ നിന്നു് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെ, ഉത്തർപ്രദേശിലെ ബുലന്ദ്ഷാർ ജില്ലയിലെ ഒരു ചെറുപട്ടണം. കൃഷിയോഗ്യമല്ലാത്തതിനാൽ ‘ഉപയോഗശൂന്യം’ എന്നർത്ഥം വരുന്ന ‘ഖറിജ’ എന്ന ഉർദു പദത്തിൽ നിന്നാണത്രെ ഖുർജ എന്ന പേരുണ്ടായതു്.
ഇൻഡ്യാവിഷന്റെ ഒരു പരിപാടിയിൽ നിന്നാണു് ഞാൻ ഈ പട്ടണത്തെക്കുറിച്ചു് അറിയുന്നതു്. ജനസംഖ്യയിലെ ഭൂരിഭാഗവും കളിമൺ പാത്രനിർമ്മാണവ്യവസായത്തിന്റെ ഭാഗമാണു് എന്നതാണു് ഇവിടത്തെ പ്രത്യേകത. 400ൽ പരം കളിമൺ ഫാക്റ്ററികൾ ഉണ്ടിവിടെ. വേണമെങ്കിൽ ഇന്ത്യയുടെ കളിമൺ തലസ്ഥാനം എന്നു തന്നെ പറയാം. Central Ceramic and Glass Research Institute ന്റെ ഒരു കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു.
ഏകദേശം 400 വർഷങ്ങൾക്കു മുമ്പു് മുൾടാനിൽ നിന്നു കുടിയേറിയ പത്താൻമാരിലൂടെയാണത്രെ ഈ വ്യവസായം ഇവിടെ വേരൂന്നിയതു്.
ഖുർജയെപ്പറ്റിയുള്ള വീക്കീ ലേഖനം ഇവിടെ. കളിമൺ പാത്രനിർമ്മാണവ്യവസായത്തെപ്പറ്റിയുള്ള ലേഖനം ഇവിടെ. ‘ബിസിനസ് സ്റ്റാൻഡേഡി’ന്റെ ഈ ലേഖനത്തിൽ നിന്നു മനസ്സിലാകുന്നതു് ഖുർജയെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കനുള്ള നീക്കം ഉണ്ടെന്നാണു്. കൂടാതെ അഞ്ജലി ഇള മേനൊൻ, സതീശ് ഗുജ്റാൾ തുടങ്ങി പല പ്രമുഖരും ഉൾപ്പെട്ട Foundation for Arts എന്ന സർക്കാരേതരസംഘടന ഇവിടത്തെ കളിമൺ ശില്പികളെ സഹായിക്കാനുള്ള ചില നീക്കങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു എന്നും ഈ ലേഖനത്തിൽ നിന്നും മനസ്സിലാക്കുന്നു.
വീഡിയോദൃശ്യങ്ങൾക്കു് ഇവിടെ നോക്കുക..
ഇതു കൂടാതെ ‘ഖുർജ സ്വീറ്റ്സും’ പ്രസിദ്ധമാണു് - പ്രത്യേകിച്ചു് ഖുർച്ചൻ എന്നു പേരുള്ള പലഹാരം..
[കടപ്പാടു് - ഇൻഡ്യാവിഷൻ]
How should a good blog be.. views from two veterans
Friday, August 21, 2009
കഴിഞ്ഞയാഴ്ച കണ്ടവയിൽ, വായിച്ചവയിൽ ചിലതു്..
സാധാരണ ഇത്തരം ഹംബോൾട്ട് (Humboldt) പെൻഗ്വിനുകളുടെ രോമം കൊഴിയുക മൂന്നോ നാലോ ആഴ്ചകൾ കൊണ്ടാണു് - അപ്പോഴേക്കും പുതിയതു കിളിർത്തു വരുകയും ചെയ്യും..പക്ഷെ ഇവന്റെ കാര്യത്തിൽ ഒരു ദിവസം കൊണ്ടു് അതു സംഭവിച്ചു. രോമമില്ലാത്ത അവനു് സൂര്യാഘാതം ഏൽക്കാതിരിക്കാൻ വനപാലകർ കണ്ടു പിടിച്ച വിദ്യ ആയിരുന്നു - അവനു് ഒരു കുപ്പായം തുന്നുക.. കുപ്പായം ഇട്ട റാൽഫ് ആണു് ചിത്രങ്ങളിൽ.. വാർത്ത ഇവിടെ.
*********************************
75 വർഷം മുമ്പു (1934ൽ) രാജ്കോട് മഹാരാജാവു് വാങ്ങിയ റോൾസ് റോയ്സ് കാർ ആണു് ചിത്രത്തിൽ. Rajkot State No: 26 എന്ന നമ്പർ പ്ലേറ്റ് കണ്ടില്ലേ? ലോകത്തിലെ ഏറ്റവും വിലപിടിച്ച കാർ ആവാൻ പോവുകയാണിതു്. ജർമ്മനിയിലെ റോൾസ് റോയ്സ് മ്യൂസിയത്തിൽ ലേലത്തിൽ വെച്ചിരിക്കുന്ന ഈ കാറിനു് 8.5 ദശലക്ഷം പൌണ്ടിനു് (£) ആണു് വിലയിട്ടിരിക്കുന്നതു്. വാർത്തകൾ ഇവിടെയും ഇവിടെയും.
*****************************
ഭീതിദമായ ഈ ദൃശ്യത്തിന്റെ വാർത്തകൾ ഇവിടെയും ഇവിടെയും. ജന്തുക്കളെ പ്രകോപിപ്പിക്കാതിരിക്കുകയാണു നന്നു് അല്ലേ !!
***********************************
ഇതു് ലോകത്തിലെ ഏറ്റവും എരിവുള്ള മുളകു്. പേരു് ഭൂത് ജൊലോകിയ അല്ലെങ്കിൽ നാഗ് ജൊലോകിയ. ആസ്സാമിൽ കണ്ടു വരുന്നു. എരിവിൽ നമ്മുടെ കാന്താരി, കരണംപൊട്ടി ഇത്യാദി മുളകുകൾ ഒക്കെ അകലെ.. :) ഗിന്നസ് ബുക്കിൽ ഇതിനു രേഖപ്പെടുത്തിയിരിക്കുന്നതു് 1,001,304 SHU ആണു് (വാർത്ത ഇവിടെ). ഒരു ഇന്ത്യൻ കമ്പനി 1,041,427 SHU വരെ രേഖപ്പെടുത്തിയെന്നു് റിപ്പോർട്ടുകൾ ഉണ്ടു്.
SHU എന്നാൽ എരിവിന്റെ ശാസ്ത്രീയമായ അളവാണു് - Scoville Heat Unit. SHU വിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ.
ഇന്ത്യൻ പ്രതിരോധഗവേഷണസംഘടന (DRDO) ഇതുപയോഗിച്ചു് ഗ്രെനേഡുകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ വിജയിച്ചു എന്നാണു് വാർത്തകൾ. ആനകളെ തുരത്താനും വളരെ തണുപ്പിൽ ജോലി ചെയ്യേണ്ടി വരുന്ന ജവാൻമാർക്കു് ശരീരോഷ്മാവു് നിലനിർത്താൻ സഹായിക്കാനും ഇതിനു പറ്റുമത്രെ. വാർത്തകൾ (1, 2) നോക്കുക.
ഇതിന്റെ എരിവു പരിശോധിച്ചു കൃതാർത്ഥരാകുന്നവരും ഉണ്ടു്. ഈ യൂറ്റ്യൂബ് വീഡിയോ നോക്കൂ :)
***************************
കുറച്ചുദിവസം മുമ്പു് ഒരു കുതിര കാറിന്റെ മുകളിൽ ചാടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഇതാ റാലികൾക്കിടയിൽ ഇങ്ങനെയും സംഭവിക്കും.. കഷ്ടം എന്നല്ലാതെ എന്തു പറയാൻ - കാട്ടുകുതിരകൾക്കും ജീവിക്കണ്ടേ?
****************************
Saturday, August 15, 2009
സ്വൈൻ ഫ്ലു (Swine flu) /Influenza A - H1N1 (പന്നിപ്പനി) പരിഭ്രാന്തികൾക്കിടയ്ക്കു്..
സ്വൈൻ ഫ്ലൂ (പന്നിപ്പനി) അല്ലെങ്കിൽ influenza A(H1N1) ഒരു തീപിടിച്ച വിഷയം ആണല്ലോ കുറച്ചു നാൾ ആയിട്ടു് - അച്ചടി/ദൃശ്യ മാധ്യമങ്ങളിൽ, ഇപ്പോൾ രാഷ്ട്രീയ/സർക്കാർ രംഗങ്ങളിലും. സ്കൂളുകളും സൂപ്പർമാർക്കറ്റുകളും വരെ അടയ്ക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം. ഒരു തരം overkill എന്നു തന്നെ പറയണം.
മഹാരാഷ്ട്ര പൻവേലിൽ നിന്നു് ഡോ: ദീപക് പുരോഹിത് എന്ന ഭിഷഗ്വരൻ (അദ്ദേഹം റോട്ടറി ക്ലബ്ബിന്റെ ഒരു ഡിസ്ട്രിക് ഗവർണർ കൂടെയാണു് എന്നു മനസ്സിലാകുന്നു) നമ്മുടെ രാഷ്ട്രപതിയ്ക്കു് അയച്ച ഒരു ഇമെയിൽ സന്ദേശം ഇതാ ഇവിടെ.. അതിന്റെ ചുരുക്കം ഇതാണു്:
1) പരിഭ്രാന്തിയുടെ ആവശ്യം ഒട്ടുമില്ല.
2) ഈ വൈറസിനെ 1987 ൽ തിരിച്ചറിഞ്ഞതാണു്. ഇപ്പോൾ ഉണ്ടായതൊന്നും അല്ല.
3) ഇതു വന്നാൽ മറ്റു തീവ്രലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ വീട്ടിനുള്ളിൽ 4 - 5 ദിവസം വിശ്രമിക്കുക.. മറ്റുള്ളവരിലേക്കു ഇതു പകരാനുള്ള സാധ്യത അങ്ങനെ കുറയ്ക്കുക. ശ്വാസസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആശുപത്രിയിൽ പോകണം. ഈ അസുഖം H1N1 തന്നെ ആണോ എന്നറിയണമെന്നുണ്ടെങ്കിൽ, പക്ഷെ, ആശുപത്രിയിൽ പോയേ പറ്റൂ.. വെളിയിൽ അങ്ങനെ പോകേണ്ടി വന്നാൽ മറ്റുള്ളവർക്കു പകരാതിരിക്കാൻ ചില കാര്യങ്ങൾ ചെയ്തേ പറ്റൂ - മാസ്ക്, അല്ലെങ്കിൽ തൂവാലയൊ അങ്ങനെ എന്തെങ്കിലും കൊണ്ടു മറയ്ക്കുക - ചുമയ്ക്കുമ്പോഴോ, തുമ്മുമ്പൊഴോ പ്രത്യേകിച്ചു..
4) അസുഖം ഇല്ലാത്തവർ അതു വരാതിരിക്കാൻ ‘മാസ്ക്’ ധരിച്ചിട്ടു് ഒരു പ്രയോജനവും ഇല്ല. ഒരു പക്ഷെ വിപരീത ഫലം ആണു് അതു കൊണ്ടുണ്ടാവുക. അസുഖം ഉള്ളവർ അതു ശരിയായി ധരിച്ചാൽ അസുഖം പകരുന്നതു ഒരു പക്ഷെ ഒരളവോളം തടയാൻ പറ്റും..
ഇതിനെപ്പറ്റി ലോകാരോഗ്യസംഘടന പറയുന്നതു് ഇപ്രകാരം.
If you are not sick you do not have to wear a mask.ലോകാരോഗ്യസംഘടനയുടെ മറ്റു വിശദമായ ഉപദേശങ്ങൾ ഇവിടെ. പിന്നെ mask ധരിക്കുന്നതിനെക്കുറിച്ചു് ലോകാരോഗ്യസംഘടനയുടെ ഉപദേശങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ.
If you are caring for a sick person, you can wear a mask when you are in close contact with the ill person and dispose of it immediately after contact, and cleanse your hands thoroughly afterwards.
If you are sick and must travel or be around others, cover your mouth and nose.
Using a mask correctly in all situations is essential. Incorrect use actually increases the chance of spreading infection.
പന്നിപ്പനിയെപ്പറ്റിയുള്ള മലയാളം വീകീ ലേഖനം ഇവിടെ.
ഡോ. ദീപക് പുരോഹിതിനു നന്ദി.
Tuesday, August 11, 2009
ഈശ്വരാ രക്ഷപെട്ടല്ലോ...
Monday, August 10, 2009
Saturday, August 8, 2009
റിക്കാർഡുകളിൽ റിക്കാർഡു് ..
1954 സെപ്റ്റംബർ 16 നു് ജനിച്ച ഇദ്ദേഹത്തിന്റെ പേരു് Keith Furman. 1970 ൽ ശ്രീ ചിന്മയി യുടെ പ്രബോധനങ്ങളിൽ ആകൃഷ്ടനാകുന്നു..പിന്നീടു് ആശ്രിത ഫർമൻ എന്നു പേരു മാറ്റുന്നു..
ഇതാരാണെന്നല്ലേ? ഒരേ സമയം ഏറ്റവും കൂടുതൽ ഗിന്നസ് റിക്കാർഡുകൾ കൈ വശം വെയ്ക്കുന്ന വ്യക്തി എന്ന റിക്കാർഡു് ഇദ്ദേഹത്തിന്റെ പേരിൽ ആണു്..വീകിയിലെ ലേഖനത്തിൽ പറയുന്നതു പോലെ..
Ashrita Furman (born September 16, 1954 in Brooklyn, New York) has set about 230 official Guinness records since 1979 and currently holds 100 records*. He has set records on all seven continents and in more than 30 different countries. He has the official record for "The most current Guinness world records held at the same time by an individual." (Marco Frigatti, Head of Records, Guinness Book of World Records)*ഇപ്പോൾ 98 റിക്കാർഡുകൾ ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടു്. ഏതൊക്കെയാണെന്നു് ഇതിൽ അല്ലെങ്കിൽ ഇതിൽ അറിയാം.
Friday, August 7, 2009
അറിയുമോ ഇയാളെ?
“ഓർമ്മയുണ്ടോ എന്നെ” എന്നു് ഇയാൾ ചോദിക്കുന്നതു പോലെ..
ഇതു് പഴയ വാൽവ് റേഡിയോ..ഓൺ ചെയ്തു കഴിഞ്ഞാൽ ഒന്നു ചൂടായി വരാൻ ഇത്തിരി സമയമൊക്കെ എടുത്തിരുന്ന നമ്മുടെ പഴയ ചങ്ങാതി.. വെളുത്ത പിയാനോ സ്വിച്ചുകളും, പിന്നെ മുഖത്തു്, ഇടത്തു മുകളിൽ, മൂന്നാം തൃക്കണ്ണു പോലെ പച്ച നിറത്തിൽ തെളിയുന്ന ‘മാജിക് ഐ’ യുമൊക്കെ ആയി രാജകീയപ്രൌഢി തന്നെ ഉണ്ടായിരുന്നവൻ..
എന്റെ ഓർമ്മയിൽ ആദ്യം ഉള്ളതു് ‘ഫിലിപ്സി’ന്റെ ഈ ചിത്രത്തിലേതു പോലെയുള്ള ഒരെണ്ണമാണു്.. അറുപതുകളുടെ ആദ്യ പകുതി. അന്നു് മർഫി, ടെലിറാഡ് തുടങ്ങി മറ്റു ചില ബ്രാന്റുകളും ഉണ്ടായതായി ഓർക്കുന്നു.. വലിയ ഉയരത്തിൽ പിടിപ്പിക്കുന്ന ഏരിയൽ, ഇടയ്ക്കുള്ള പൊട്ടലും ചീറ്റലും - പ്രത്യേകിച്ചു് ഇടിയും മഴയും ഉള്ളപ്പോൾ, ഇതൊക്കെ റേഡിയോയുടെ കൂടെ ഉള്ള ഓർമ്മ :) രാത്രി പത്തരയോ പതിനൊന്നു വരെയോ ഉള്ള ‘ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളും’, ഏഴരയ്ക്കുള്ള ഡെൽഹി വാർത്തയും, നിലയവിദ്വാൻമാരുടെ കച്ചേരിയും എല്ലാം ഓർമ്മ വരുന്നു..
അന്നു് റേഡിയോ ലൈസൻസ് ഉള്ള കാലം.. പോസ്റ്റ് ഓഫീസിൽ പോയി വർഷാവർഷം ലൈസൻസ് ഫീ കെട്ടണം. 1977 ലാണു് ഇന്ത്യയിൽ റേഡിയോ ലൈസൻസ് ഫീ (റ്റെലിവിഷൻ ലൈസൻസ് ഫീയും) നിർത്തലാക്കിയതു്.. പക്ഷെ ഇപ്പോഴും പല രാജ്യങ്ങളിലും ഇതു തുടരുന്നു.. ഇവിടെ നോക്കൂ..
ഈ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം...
ഏകദേശം ഒരു മണിക്കൂർ മുമ്പു് ഇതു വായിച്ചപ്പോഴാണോർത്തതു്, ഈ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം വരുന്ന ആ നിമിഷം കഴിഞ്ഞു പോയല്ലോ എന്നു്..
2009 ഓഗസ്റ്റ് 7 ഉച്ചയ്ക്കു് 12 മണി കഴിഞ്ഞു് 34 മിനിറ്റും 56 സെക്കന്റ് ആകുമ്പോൾ അതിനൊരു പ്രത്യേകത തോന്നുന്നില്ലേ.. 12:34:56 on 07/08/09..
2009 ഓഗസ്റ്റ് 7 ഉച്ചയ്ക്കു് 12 മണി കഴിഞ്ഞു് 34 മിനിറ്റും 56 സെക്കന്റ് ആകുമ്പോൾ അതിനൊരു പ്രത്യേകത തോന്നുന്നില്ലേ.. 12:34:56 on 07/08/09..
Wednesday, August 5, 2009
ഒരപൂർവ്വമായ കൂട്ടിമുട്ടൽ...
“എന്റെ മേൽ കുതിര കയറാൻ വരരുതേ..” .. ഇങ്ങനെയൊക്കെ ആലങ്കാരികമായി നാമൊക്കെ പറയാറുണ്ടെങ്കിലും, ദാ ഇങ്ങനെയൊന്നു കണ്ടിട്ടുണ്ടോ? :)
Sunday, August 2, 2009
എലികൾക്കും ഒരു അമ്പലം..
കഴിഞ്ഞ ദിവസം ‘ഇൻഡ്യാവിഷ’നിലെ ഒരു പരിപാടിയിൽ നിന്നാണു മനസ്സിലായതു്.. രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു് 30 കിലോമീറ്റർ അകലെ ‘ദെഷ്ണൊകി’യിൽ എലികൾക്കായി ഒരു ക്ഷേത്രമുണ്ടു് - ചിത്രത്തിൽ കാണുന്ന ‘കർണ്ണിമാതാ’ക്ഷേത്രം.
എലികൾ കഴിച്ച(കുടിച്ച)തിന്റെ ബാക്കി കഴിക്കുന്നതു് നല്ലതെന്നൊരു വിശ്വാസവും ഉണ്ടത്രെ..
ചില ‘യൂറ്റ്യൂബ്’ ചലനചിത്രങ്ങൾ ഇവിടെയും പിന്നെ ഇവിടെയും..
ആധികാരികമോ എന്നറിയില്ല അമ്പലത്തെപ്പറ്റിയുള്ള വീക്കി ലേഖനം ഇവിടെ..
Saturday, August 1, 2009
56th ഫിലിം ഫെയർ അവാർഡ് പ്രഖ്യാപനം
2009 ലെയ്ക്കുള്ള ഫിലിം ഫെയർ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നു..തിരക്കഥയും അതിലെ ടീം അംഗങ്ങളുമാണു് കൂടുതൽ പുരസ്കാരങ്ങൾ നേടിയിരിക്കുന്നതു്..
നല്ല സിനിമ - തിരക്കഥ
നല്ല സംവിധായകൻ - രഞ്ജിത് (തിരക്കഥ)
നല്ല നടൻ - ലാൽ (തലപ്പാവു്)
നല്ല നടി - പ്രിയാമണി (തിരക്കഥ)
നല്ല സഹ നടൻ - അനൂപ് (തിരക്കഥ)
നല്ല സഹനടി - സുകന്യ (ഇന്നത്തെ ചിന്താവിഷയം)
നല്ല സംഗീതസംവിധായകൻ - ശരത് (തിരക്കഥ)
നല്ല ഗായകൻ - യേശുദാസ് (മാടമ്പി)
നല്ല ഗായിക - ചിത്ര (തിരക്കഥ)
എല്ലാവർക്കും അഭിനന്ദനങ്ങൾ..
നല്ല സിനിമ - തിരക്കഥ
നല്ല സംവിധായകൻ - രഞ്ജിത് (തിരക്കഥ)
നല്ല നടൻ - ലാൽ (തലപ്പാവു്)
നല്ല നടി - പ്രിയാമണി (തിരക്കഥ)
നല്ല സഹ നടൻ - അനൂപ് (തിരക്കഥ)
നല്ല സഹനടി - സുകന്യ (ഇന്നത്തെ ചിന്താവിഷയം)
നല്ല സംഗീതസംവിധായകൻ - ശരത് (തിരക്കഥ)
നല്ല ഗായകൻ - യേശുദാസ് (മാടമ്പി)
നല്ല ഗായിക - ചിത്ര (തിരക്കഥ)
എല്ലാവർക്കും അഭിനന്ദനങ്ങൾ..
Subscribe to:
Posts (Atom)