Thursday, February 5, 2009

ഹൃദ്സ്പന്ദങ്ങൾ ശ്രുതിയിടുന്ന സംഗീതം - ‘ഹൃദയമുരളിക’..

സാമൂഹ്യശാസ്ത്രജ്ഞരെ എന്നും ആകർഷിച്ചു പോന്നിരുന്ന, അതിനുതകുന്ന പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരുന്നു കേരളീയസമൂഹം - പണ്ടു മുതലേ. സാമൂഹ്യാവബോധത്തിലും സാഹിത്യ, സംഗീതാസ്വാദനനിലവാരങ്ങളിലും രാഷ്ട്രീയതാൽ‌പ്പര്യങ്ങളിലും ഒക്കെ ഒരു വേറിട്ട സമീപനം, ഒരു മാറിനടപ്പു് ഈ സമൂഹത്തിന്റെ സവിശേഷതകളിൽ പെടുന്നു, അല്ലെങ്കിൽ പെട്ടിരുന്നു - പിന്നീടു് പലതിലും ശോഷണങ്ങൾ സംഭവിച്ചു എന്നതൊരു സത്യം ആണെങ്കിൽ പോലും. ഇതുപോലെ തന്നെ വേറിട്ടു നിൽക്കുന്ന വേറൊന്നാണു് കേരളീയന്റെ മനസ്സിൽ നാടകഗാനങ്ങളും സിനിമാഗാനങ്ങളും ഗാനസാഹിത്യവും ഒക്കെ ചെലുത്തിയിരുന്ന, ഇപ്പോഴും ചെലുത്തുന്ന, സ്വാധീനം - സാമൂഹ്യശാസ്ത്രജ്ഞർ ഒരു പക്ഷെ പഠനവിഷയമാക്കേണ്ട ഒരു സംഗതി. അമ്പതുകളുടെ രണ്ടാം പകുതിയിൽ ഒരുതരം paradigm shift എന്നു തന്നെ പറയാവുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഈ സമൂഹമനസ്സിനുള്ളിൽ സൃഷ്ടിക്കുന്നതിൽ നാടകഗാനങ്ങൾ വഹിച്ച പങ്കു തന്നെ ഉദാത്തമായ ദൃഷ്ടാന്തമാണു്.. വാഗ്ദത്തഭൂമിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഇന്നും നാം മറന്നിട്ടില്ല - “എവിടെയാ വാഗ്ദത്തഭൂമി, എവിടെ എവിടെയാ സ്വപ്നഭൂമി” എന്നു ഇന്നും നാം പാടുന്നു..

തുടക്കം അനുകരണങ്ങളിൽ നിന്നായിരുന്നെങ്കിൽ പോലും ബാല്യശൈശവങ്ങൾ കടന്നു വളരെ പെട്ടെന്നാണു് നമ്മുടെ ചലച്ചിത്രഗാനശാഖ യൌവനത്തിന്റെ ആവേശങ്ങളിലേക്കു് കുതിച്ചു കയറിയതു്. ഞാനും നിങ്ങളുമടങ്ങുന്ന ഒരു സമൂഹം താരാട്ടുപാട്ടു പോലെ തന്നെ സിനിമാഗാനങ്ങൾ കേട്ടുറങ്ങി, കേട്ടുണർന്നു എന്നു പറഞ്ഞാൽ അമിതോക്തി ആവില്ല.. രാവിലെ ഉറക്കമുണരുമ്പോഴുള്ള പ്രഭാതഗീതികൾ മുതൽ രാത്രിയുറങ്ങുമ്പോൾ നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ വരെ - ആകാശവാണിയും ഗാനങ്ങളും ജീവിതത്തിന്റെ ഒരു ഭാഗം പോലെ.. തിരുനയ്നാർക്കുറിച്ചിയും ബ്രദർ ലക്ഷ്മണനും ഭാസ്കരൻ‌മാഷും രാഘവൻ‌മാഷും വയലാറും ദേവരാജൻ മാഷും തമ്പിച്ചേട്ടനും ദക്ഷിണാമൂർത്തിസ്വാമിയും ദാസേട്ടനും ജയേട്ടനും ജാനകിയമ്മയും സുശീലാമ്മയും ചിത്രയും സുജാതയും ജാസിയും ജയചന്ദ്രനും സുരേഷ് പീറ്റേർസും എന്നിങ്ങനെ മഹാരഥന്മാരായ പിതാമഹൻ‌മാർ മുതൽ കൌമാരപ്രായക്കാരായ പാട്ടുകാർ വരെ എല്ലാവരും നമ്മുടെ ജീവിതത്തിന്റെ, കുടുംബത്തിന്റെ ഭാഗം തന്നെ..

നമ്മോടു ഇത്രയും ചേർന്നു നിൽക്കുന്ന ഈ ഗാനശാഖയെ, ഗാനശാഖകളെ വായ്മൊഴിയായി മാത്രം നിർത്തിയാൽ കാലാന്തരത്തിൽ ഇവയൊക്കെ ഒരു പക്ഷെ സ്മരണകൾക്കപ്പുറം പോയെന്നു വരും. ഈ ദുര്യോഗം ഒഴിവാക്കാൻ ഇവയൊക്കെ വരമൊഴിയായേ പറ്റൂ. ഡിജിറ്റൽ സാങ്കേതികവിദ്യ ഏറ്റവും അധികം ഉപയോഗപ്പെടുത്തി ‘രേഖപ്പെടുത്തൽ’ എന്ന ദുഷ്ക്കരമായ ഈ സംഗതി സാ‍ധ്യമാക്കുന്ന ചില കൂട്ടായ്മകളെ ഇവിടെ നമുക്കോർക്കാം..

നമ്മുടെ സുഹൃത്തുക്കളായ കിരൺസു് നേതൃത്വം നൽകുന്ന Malayalamsongslyrics (ലിങ്ക് ഇവിടെ), കിഷോറിന്റെ രാഗകൈരളി (ലിങ്ക് ഇവിടെ അല്ലെങ്കിൽ ഇവിടെ), പിന്നെ എന്റെലോകം എന്നിങ്ങനെ ഒരു പറ്റം കൂട്ടായ്മകൾ, അല്ലെങ്കിൽ വ്യക്തിഗതശ്രമങ്ങൾ... അഭിനന്ദനാർഹമായ സംരംഭങ്ങളാണു് ഇവയോരോന്നും. ഈ എഴുതിയതിലും വളരെ കൂടുതൽ സംരംഭങ്ങൾ വേറേ ഉണ്ടു് എന്നതാണു് സത്യം.

ഇവയിൽ www. Malayalasangeetham. info (MSI) (ലിങ്ക് ഇവിടെ) സവിശേഷശ്രദ്ധയാകർഷിക്കുന്നു.. അജയ്മേനോൻ എന്ന വ്യക്തി 2003-ൽ തുടങ്ങിയ ഈ ഉദ്യമം ഇന്നു പടർന്നു പന്തലിച്ചു് ഒരു വടുവൃക്ഷം തന്നെ ആയിരിക്കുന്നു - ഒരു സുഹൃദ്സംഘം തന്നെ ആയി എന്നു പറയാം. 4100 ൽ‌പ്പരം സിനിമകളിൽ നിന്നു 16,500 ഓളം ഗാനങ്ങളേക്കുറിച്ചുള്ള ആധികാരികമായ ഒരു Database ആയി ഇതു വളർന്നിരിക്കുന്നു. സിനിമാഗാനങ്ങൾ മാത്രമല്ല, നാടകഗാനങ്ങൾ, പാട്ടുപുസ്തകങ്ങൾ തുടങ്ങി പല ഭാഗങ്ങളും ഈ സൈറ്റിൽ ഉണ്ടു്.. ഇതുമായിട്ടു ബന്ധപ്പെട്ട മറ്റു പല ലിങ്കുകൾ ഇതാ ഇവിടെ, ഇവിടെ,


MSI യുടെ ഏറ്റവും പുതിയ സംരംഭമാണു് ‘ഹൃദയമുരളിക’. സംഗീതസൃഷ്ടിയിലേക്കുള്ള MSI യുടെ ആദ്യ കാൽ‌വെയ്പ്പു്. കൃതഹസ്തയായ, ശ്രീമതി ശ്രീദേവി പിള്ളയുടേതാണു് ഗാനങ്ങൾ. രചനാഗുണത്തിൽ ഔൽക്കർഷ്യം തുളുമ്പുന്ന വരികൾ. സംഗീതസംവിധാനരംഗത്തെ അദ്വിതീയനായ വിദ്യാധരൻ മാഷ് സംഗീതം നൽകിയിരിക്കുന്നു - അതിസുന്ദരമായ ഈണങ്ങളും ആകർഷണീയമായ orchestration ഉം ഓരോ പാട്ടിനെയും മുന്നിലേക്കു നയിക്കുന്നു. കെ. എസ്. ചിത്ര, ശ്രീവത്സൻ മേനോൻ, രവിശങ്കർ, നിഷാദ് തുടങ്ങിയവർ കൂടാതെ കെ. ആർ. രൂപ, അശ്വതി വിജയൻ, ദേവേഷ്, സുമേഷ്, സുവിൻ ദാസ് തുടങ്ങിയവരും പാടിയിരിക്കുന്നു.

ഹൃദയമുരളികയുമായി ബന്ധപ്പെട്ട മറ്റു പല ലിങ്കുകൾ ഇതാ ഇവിടെ, ഇവിടെ, അല്ലെങ്കിൽ ഇവിടെ

ഈ വരുന്ന ഫെബ്രുവരി 8 ന് (ഞായറാഴ്‌ച) വൈകുന്നേരം 5 മണിക്കു് എറണാകുളം മറൈൻ ഡ്രൈവ് മൈതാനത്തു് DC Books International Book Festival നോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ വെച്ചു് ഹൃദയമുരളികയുടെ CD ഔപചാരികമായി പുറത്തിറക്കുന്നു. ശ്രീകുമാരൻ തമ്പി, പി. ഉദയഭാനു, വിദ്യാധരൻ മാസ്റ്റർ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നു. എല്ലാ‍വരും ചടങ്ങിൽ പങ്കെടുക്കണം എന്നപേക്ഷ. കൂടാതെ CD വാങ്ങി ഈ സംരംഭത്തെ വിജയിപ്പിക്കാനും...

5 comments:

കിഷോർ‍:Kishor said...

നന്നായി എഴുതിയിരിക്കുന്നു..

ഹൃദയമുരളിക ഓർഡർ ചെയ്ത് കാത്തിരിക്കുകയാണ്.

Harikrishnan:ഹരികൃഷ്ണൻ said...

നന്ദി കിഷോർ...

Anonymous said...

ഹരി, ഈ നല്ല അവലോകനം ഈ മേഘലയിലേക്ക്‌ കാലെടുത്തുവയ്ക്കുന്ന ഞങ്ങള്‍ ചിലര്‍ക്കു വളരെ സന്തോഷകരമാണ്‌. നന്ദി

Kiranz..!! said...

നന്നായിരിക്കുന്നു മാഷേ.അരിച്ചു പെറുക്കി എഴുതിയിരിക്കുന്നു.താ‍ങ്കളേപ്പോലെയുള്ള സംഗീതപ്രേമികൾ ശ്രദ്ധയോ‍ടെ വിലയിരുത്തുവാനുണ്ടാകുന്നത് ഇത്തരം സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്നതിൽ തെല്ലും സംശയമില്ല.നന്ദി.

Harikrishnan:ഹരികൃഷ്ണൻ said...

പ്രതികരണങ്ങൾക്കു നന്ദി അജയ്, കിരൺ.. നിങ്ങളുടെ ഇത്തരം ഉദ്യമങ്ങൾക്കും ഗുണാത്മകമായ പ്രവർത്തനങ്ങൾക്കും എല്ലാ ആശംസകളും സഹായസഹകരണങ്ങളും...