Friday, August 7, 2009

അറിയുമോ ഇയാളെ?


“ഓർമ്മയുണ്ടോ എന്നെ” എന്നു് ഇയാൾ ചോദിക്കുന്നതു പോലെ..

ഇതു് പഴയ വാൽവ് റേഡിയോ..ഓൺ ചെയ്തു കഴിഞ്ഞാൽ ഒന്നു ചൂടായി വരാൻ ഇത്തിരി സമയമൊക്കെ എടുത്തിരുന്ന നമ്മുടെ പഴയ ചങ്ങാതി.. വെളുത്ത പിയാനോ സ്വിച്ചുകളും, പിന്നെ മുഖത്തു്, ഇടത്തു മുകളിൽ, മൂന്നാം തൃക്കണ്ണു പോലെ പച്ച നിറത്തിൽ തെളിയുന്ന ‘മാജിക് ഐ’ യുമൊക്കെ ആയി രാജകീയപ്രൌഢി തന്നെ ഉണ്ടായിരുന്നവൻ..

എന്റെ ഓർമ്മയിൽ ആദ്യം ഉള്ളതു് ‘ഫിലിപ്സി’ന്റെ ഈ ചിത്രത്തിലേതു പോലെയുള്ള ഒരെണ്ണമാണു്.. അറുപതുകളുടെ ആദ്യ പകുതി. അന്നു് മർഫി, ടെലിറാഡ് തുടങ്ങി മറ്റു ചില ബ്രാന്റുകളും ഉണ്ടായതായി ഓർക്കുന്നു.. വലിയ ഉയരത്തിൽ പിടിപ്പിക്കുന്ന ഏരിയൽ, ഇടയ്ക്കുള്ള പൊട്ടലും ചീറ്റലും - പ്രത്യേകിച്ചു് ഇടിയും മഴയും ഉള്ളപ്പോൾ, ഇതൊക്കെ റേഡിയോയുടെ കൂടെ ഉള്ള ഓർമ്മ :) രാത്രി പത്തരയോ പതിനൊന്നു വരെയോ ഉള്ള ‘ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളും’, ഏഴരയ്ക്കുള്ള ഡെൽഹി വാർത്തയും, നിലയവിദ്വാൻമാരുടെ കച്ചേരിയും എല്ലാം ഓർമ്മ വരുന്നു..

അന്നു് റേഡിയോ ലൈസൻസ് ഉള്ള കാലം.. പോസ്റ്റ് ഓഫീസിൽ പോയി വർഷാവർഷം ലൈസൻസ് ഫീ കെട്ടണം. 1977 ലാണു് ഇന്ത്യയിൽ റേഡിയോ ലൈസൻസ് ഫീ (റ്റെലിവിഷൻ ലൈസൻസ് ഫീയും) നിർത്തലാക്കിയതു്.. പക്ഷെ ഇപ്പോഴും പല രാജ്യങ്ങളിലും ഇതു തുടരുന്നു.. ഇവിടെ നോക്കൂ..

11 comments:

ramanika said...

ithu pole radio undayirunnu veetil
pazhaya kalam ormippichu ee post !

lakshmy said...

എന്റെ ചെറുപ്പത്തിൽ ഞങ്ങളെ വിളിച്ചുണർത്തിയിരുന്നതും പാട്ടു പാടി ഉറക്കിയിരുന്നതും ഇവനല്ലേ. ഒരു നൊസ്റ്റാൾജിക് ഓർമ്മയാണിവൻ. ആ പച്ച ത്രിക്കണ്ണ് തെളിഞ്ഞു വരുന്നതും, ഓഫ് ചെയ്യുമ്പോൾ പതുക്കെ മാഞ്ഞു പോകുന്നതും കണ്ടു നിൽക്കാൻ അന്നൊരു കൌതുകമായിരുന്നു. മുൻപ് റേഡിയോക്ക് ലൈസൻസ് ഫീ കെട്ടണമായിരുന്നു എന്നത് ആദ്യമായറിയുകയാണു കെട്ടോ. ഇവിടെ [യു.കെ]റ്റെലിവിഷനു ഫീ ഇപ്പോഴും അടക്കുന്നു.

Rare Rose said...

പഴയ ഓര്‍മ്മകള്‍..നേരിട്ടു കണ്ടിട്ടില്ലയെങ്കിലും ഈ ചങ്ങാതിയെ ഓര്‍മ്മിപ്പിച്ചതിനു നന്ദി..:)

Harikrishnan:ഹരികൃഷ്ണൻ said...

രമണിക/ലക്ഷ്മി: ഗൃഹാതുരത്വം നിറഞ്ഞ നല്ല ഓർമ്മകൾഉണ്ടാവാൻ കാരണമായതിൽ സന്തോഷം..
റെയർ റോസ്: ഒരു കാണാച്ചങ്ങാതിയെ കാണിക്കാൻ കഴിഞ്ഞതിലും.. :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ആ വാര്‍ത്ത വായിക്കുന്നതാരാ? ശങ്കരനാരായണന്‍? വെണ്‍മണി വിഷ്ണു? അതോ?എന്താ ആ പേര്‌?? കിട്ടുന്നില്ല....

സു | Su said...

അമ്മാവന്റെ വീട്ടിലുണ്ട് ഇങ്ങനെ വല്യ ഒരു പഴയ റേഡിയോ. ടി. വി. വന്നതില്‍പ്പിന്നെ ഉപയോഗമില്ലാതെയായെന്ന് പറയാം. വീട്ടിലുണ്ടായിരുന്ന ചെറിയ റേഡിയോയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഉണ്ട്. കുട്ടികളൊക്കെ അത് എന്നേ കളിപ്പാട്ടമാക്കി! കുട്ടിക്കാലത്ത് എപ്പോഴും കേൾക്കുമായിരുന്നു. പാട്ടും ന്യൂസും ഒക്കെ. ഇപ്പോഴും കറന്റുപോകുമ്പോൾ പുതിയ കുഞ്ഞു റേഡിയോയിൽ ഞങ്ങൾ പാട്ടൊക്കെ കേൾക്കും.

നന്ദി. മറഞ്ഞുപോകുന്ന ചിലതൊക്കെ ഓർമ്മിക്കാൻ ഇടയാക്കിയതിന്. :)

Harikrishnan:ഹരികൃഷ്ണൻ said...

@ജിതേന്ദ്രകുമാർ - അന്നു ദേശീയ വാർത്തകൾ വായിച്ചിരുന്നവരിൽ വെണ്മണി വിഷ്ണു, ശങ്കരനാ‍രായണൻ, പ്രതാപൻ, റാണി എന്നിങ്ങനെയുള്ള പേരുകൾ ഞാൻ ഓർക്കുന്നു..

@സു/Su - നല്ല ഓർമ്മകൾക്കു കാരണമായതിൽ സന്തോഷം..

ബിനോയ്//HariNav said...

ഹ ഹ അറിയുമോന്നാ! ഇത് നമ്മുടെ സ്വന്തം അപ്പാപ്പനല്ലേ. റേഡിയോ നാടകങ്ങള്‍ക്കും ചലച്ചിത്രഗാനങ്ങള്‍ക്കും കാതോര്‍ത്ത്..
എന്തെല്ലാം ഓര്‍മ്മകള്‍ :)

ചാണക്യന്‍ said...

വളരെ നല്ല പോസ്റ്റ്...ആധുനികതയുടെ കുത്തൊഴുക്കില്‍ കാലഗതിയടഞ്ഞ ഇത്തരം ഉപകരണങ്ങളെ ഓര്‍മ്മിക്കാന്‍ ഒരവസരം...

ആദര്‍ശ്║Adarsh said...

വീട്ടിലുമുണ്ട് ഇതുപോലൊരാള്‍..'നുപാല്‍'എന്നാണ് അവന്റെ പേര് കാണുന്നത് .അവന്റെ ഒരു ചിത്രം ഞാനിവിടെ കുറിച്ചിട്ടുണ്ട്.ഗ്രാമഫോണ്‍ ഒക്കെ സ്വീകരണ മുറിയില്‍ സ്ഥാനം നേടുമ്പോള്‍ ഇവനെപ്പോലുള്ളവര്‍ പടിക്കു പുറത്തു തന്നെ ..

Harikrishnan:ഹരികൃഷ്ണൻ said...

@ബിനോയ് - വളരെ ശരിയാണു്..എന്തെല്ലാം നല്ല ഓർമ്മകൾ അല്ലേ!! :)
@ചാണക്യൻ - വളരെ നന്ദി.. :)
‌‌ആദർശ് - വീട്ടിലുള്ള ചങ്ങാതിയെ കാട്ടിത്തന്നതിനും ഇവിടെ വന്നതിനും നന്ദി :)